Thursday, July 31, 2025
Mantis Partners Sydney
Home » ഹോംസ് പിടിച്ചെടുത്ത വിമതസേന ഡാമസ്ക്കസിനെ ലക്ഷ്യമാക്കി നീങ്ങുന്നു.

ഹോംസ് പിടിച്ചെടുത്ത വിമതസേന ഡാമസ്ക്കസിനെ ലക്ഷ്യമാക്കി നീങ്ങുന്നു.

ആരാണ് ഇതിന് പിന്നില്‍?

by Editor

ഡമാസ്കസ്: സിറിയയിൽ വിമതസേനറുടെ മുന്നേറ്റം അതിവേഗം, ഹോംസ് പിടിച്ചെടുത്ത വിമതസേന ഡാമസ്ക്കസിനെ ലക്ഷ്യമാക്കി നീങ്ങുന്നു. വടക്കുള്ള അലപ്പോ, മധ്യമേഖലയായ ഹമ, കിഴക്ക് ദെയ്ർ അൽ സോർ എന്നിവിടങ്ങൾ കയ്യടക്കിയ വിമതർ തെക്കൻ മേഖലയുടെ നിയന്ത്രണം ഏതാണ്ടു പൂർണമായും പിടിച്ചെടുത്തു. ക്വിനെയ്ത്ര, ദേറാ, സുവെയ്ദ എന്നീ തെക്കൻ പ്രദേശങ്ങളും കയ്യടക്കി. അതിനിടെ സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദ് തലസ്ഥാനം വിട്ടു. ഡമാസ്‌കസില്‍ നിന്ന് വിമാനത്തില്‍ അജ്ഞാത സ്ഥലത്തേക്കാണ് അസദ് പോയതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. വിമതര്‍ ഡമാസ്‌കസിലേക്ക് കടക്കുംമുമ്പായിരുന്നു അസദ് ഇവിടംവിട്ടതെന്നാണ് വിവരം. വിമതര്‍ എത്തിയതിന് പിന്നാലെ ഡമാസ്‌കസിന്റെ വിവിധ ഭാഗങ്ങളില്‍ വെടിവെപ്പുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അസദിനെ പിന്തുണയ്ക്കുന്ന ഇറാനും തുർക്കിയും റഷ്യയും ദോഹയിൽ ചർച്ച നടത്തി. വിമതസേനയെ നയിക്കുന്ന ഹയാത്ത് തഹ്‌രീർ അൽ ഷംസ് ഭീകര സംഘടനയാണെന്നും സിറിയൻ പ്രദേശങ്ങൾ പിടിച്ചടക്കാ‍ൻ അവരെ അനുവദിക്കരുതെന്നും റഷ്യൻ വിദേശകാര്യമന്ത്രി സെർഗേയ് ലാവ്‌റോവ് അഭിപ്രായപ്പെട്ടു.

അര നൂറ്റാണ്ടിലേറെ ഭരണപാരമ്പര്യമുള്ള ബഷാര്‍ വംശത്തെ അട്ടിമറിച്ച് ഭരണം പിടിച്ചെടുക്കാനാണ് ഇപ്പോള്‍ ഇസ്ലാമിസ്റ്റ് വിമതരുടെ ശ്രമം. ഇവരുടെ ശ്രമം പകുതിയിലേറെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. പ്രസിഡന്റ് ബഷാര്‍ അല്‍-അസാദിനെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ട് വിമത സേന സിറിയയിലുടനീളം ആക്രമണം അഴിച്ചുവിടുകയാണ്. വിമതര്‍ സിറിയയിലെ പ്രധാന പട്ടണങ്ങളെല്ലാം പിടിച്ചെടുത്ത് കഴിഞ്ഞു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ബഷാര്‍ അല്‍ അസാദിന്റെ വംശമാണ് സിറിയ ഭരിക്കുന്നത്. ഹയാത്ത് തഹ്രീര്‍ അല്‍-ഷാം (എച്ച്ടിഎസ്) വിമത സഖ്യത്തിന്റെ നേതാവ് അബു മുഹമ്മദ് അല്‍-ജൊലാനിയാണ് ഇപ്പോള്‍ സിറിയയിലേയ്ക്ക് ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്. ഇത് അല്‍ ഖ്വയ്ദയുടെ സിറിയന്‍ ശാഖയില്‍ നിന്ന് ഉടലെടുത്തതാണ്. ഐസിസ് ഭീകരന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ നീലക്കണ്ണുള്ള കുട്ടിയെന്നാണ് അബു മുഹമ്മദ് അല്‍ ജൊലാനി അറിയപ്പെടുന്നത്. സിറിയയുടെ ആഭ്യന്തര യുദ്ധത്തിലെ പ്രധാന കണ്ണിയായ ജൊലാനി ഇപ്പോള്‍ ഒരു ശക്തിയാര്‍ജിച്ച നേതാവായി മാറുന്ന തരത്തിലേയ്ക്കാണ് കാര്യങ്ങള്‍ പോയ്‌ക്കൊണ്ടിരിക്കുന്നത്. ഇസ്രയേലും ലെബനീസ് ഹിസ്ബുള്ളയും തമ്മിലുള്ള യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന അതേ ദിവസം തന്നെയാണ് ഇസ്ലാമിസ്റ്റ് വിമതര്‍ സിറിയയില്‍ ആക്രമണം ആരംഭിച്ചത്.

ആഭ്യന്തര സംഘർഷം രൂക്ഷമായ സിറിയയിലേക്കുള്ള എല്ലാ യാത്രകളും അറിയിപ്പുണ്ടാകും വരെ ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് കേന്ദ്രം ഇന്നലെ നിർദ്ദേശം നൽകിയിരുന്നു. നിലവിൽ സിറിയയിലുള്ള ഇന്ത്യക്കാർ ഡമാസ്‌കസിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണം. +963 993385973 (വാട്സ്‌ആപ്പ് ) എന്ന ഹെൽപ്പ്ലൈനിലോ hoc.damascus@mea.gov.in എന്ന ഇ -മെയിൽ വിലാസത്തിലോ ബന്ധപ്പെടാം. കഴിയുന്നവർ എത്രയും വേഗം പുറപ്പെടണമെന്നും മറ്റുള്ളവർ മുൻകരുതൽ സ്വീകരിക്കണമെന്നും നിർദ്ദേശിച്ചു.

Send your news and Advertisements

You may also like

error: Content is protected !!