ന്യൂഡൽഹി: ഹരിയാനയിലെ ഭൂമിയിടപാട് കേസില്‍ വ്യവസായിയും വയനാട് എംപി പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവും കോൺഗ്രസ് നേതാവുമായ വാദ്ര എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റിന് (ഇ.ഡി) മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. ഇ ഡിയുടെ ഡല്‍ഹി ഓഫീസിലാണ് വാദ്ര ഹാജരായത്. ഏപ്രിൽ 8-ന് ഇ.ഡി ആദ്യ സമൻസ് അയച്ചിരുന്നെങ്കിലും വാദ്ര ഹാജരായിരുന്നില്ല. തുടർന്ന് ഇ.ഡി രണ്ടാമതും നോട്ടിസ് നൽകുകയായിരുന്നു.
വാദ്രയുടെ കമ്പനിയായ ‘സ്കൈ ലൈറ്റ് ഹോസ്‌പിറ്റാലിറ്റി’ ഹരിയാനയിലെ ശിഖാപുരിൽ വാങ്ങിയ ഭൂമി വൻ വിലയ്ക്ക് മറിച്ചുവിറ്റെന്നും ഇതുവഴി കള്ളപ്പണം വെളുപ്പിക്കൽ നടന്നെന്നുമാണ് കേസ്. 2008-ലാണ് 3.5 ഏക്കർ ഭൂമി വാദ്രയുടെ കമ്പനി 7.5 കോടി രൂപയ്ക്ക് സ്വന്തമാക്കുന്നത്. പിന്നീട് റിയൽ എസ്‌റ്റേറ്റ് മേഖലയിലെ ഭീമന്മാരായ ഡിഎൽഎഫിന് 58 കോടി രൂപയ്ക്ക് ഇതേ ഭൂമി വിൽക്കുകയായിരുന്നു. ഇതിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം. കേസ് രാഷ്ട്രീയ പകപോക്കൽ മാത്രമാണെന്നാണ് റോബർട്ട് വാദ്രയുടെ പ്രതികരണം.
‘ഞാന്‍ ജനങ്ങളുടെ ശബ്ദം ഉയര്‍ത്തുമ്പോഴെല്ലാം അവര്‍ എന്നെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. എനിക്ക് ഒളിച്ചുവയ്ക്കാന്‍ ഒന്നുമില്ല. അവര്‍ക്ക് എന്നോട് എന്തുവേണമെങ്കിലും ചോദിക്കാം. ഞാന്‍ അതിന് ഉത്തരം നല്‍കും’, ഇ ഡി ഓഫീസിലേക്കുളള യാത്രക്കിടെ റോബര്‍ട്ട് വാദ്ര മാധ്യമങ്ങളോട് പറഞ്ഞു. ‘അവര്‍ അന്വേഷണ ഏജന്‍സികളുടെ അധികാരം ദുരുപയോഗം ചെയ്യുകയാണ്. എനിക്ക് യാതൊരു ഭയവുമില്ല. കാരണം എനിക്ക് മറച്ചുവയ്ക്കാനൊന്നുമില്ല. മോദി ഭയപ്പെടുമ്പോഴെല്ലാം ഇ ഡിയെ വിളിക്കുകയാണെ‘ന്നും വാദ്ര പറഞ്ഞു.