ടെൽ അവീവ്: വ്യാഴാഴ്ച തെക്കൻ ഗാസയിലെ വ്യോമാക്രമണത്തിൽ ഹമാസിന്റെ സൈനിക ഇന്റലിജൻസ് തലവൻ ഒസാമ തബാഷിനെ കൊലപ്പെടുത്തി എന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. 2023 ഒക്ടോബര്‍ 7 ആക്രമണത്തില്‍ ഇസ്രയേലിലേക്കുള്ള നുഴഞ്ഞുകയറ്റം ആസൂത്രണം ചെയ്യുന്നതിലും ഏകോപിപ്പിക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചയാണ് തബാഷ്. തെക്കന്‍ ഗാസയിലെ ഹമാസിന്റെ സായുധവിഭാഗത്തിന്റെ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും നടപ്പാക്കുന്നതിലും ഇയാള്‍ നേതൃത്വം നല്‍കിയിരുന്നു എന്നും ഇസ്രയേല്‍ സേന അറിയിച്ചു. ഗാസയിൽ ഇസ്രയേൽ നടത്തുന്ന സൈനിക ആക്രമണം നാലു ദിവസം കടക്കുമ്പോൾ 500 ലതികം പേരാണ് കൊല്ലപ്പെട്ടത്. ബന്ദികളെ ഉടൻ മോചിപ്പിച്ചില്ലെങ്കിൽ കൂടുതൽ വ്യോമാക്രമണം ഉണ്ടാകുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കട്സ് മുന്നറിയിപ്പ് നൽകി.
ഗാസയിൽ വെടിനിർത്തൽ ഉടനടി നടപ്പാക്കണമെന്ന് ജർമനി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ ആഹ്വാനം ചെയ്തു. ഇസ്രയേൽ സൈന്യം ഗാസ മേഖലയിൽ വീണ്ടും ആക്രമണം ആരംഭിച്ചതിനു പിന്നാലെയാണ് മന്ത്രിമാരുടെ സംയുക്ത പ്രസ്താവന. നാശനഷ്ടങ്ങളിൽ തങ്ങൾ ഞെട്ടിപ്പോയെന്നും വെടിനിർത്തലിലേക്ക് ഉടൻ മടങ്ങണമെന്ന് അടിയന്തരമായി ആവശ്യപ്പെടുന്നതായും ജർമനിയുടെ അന്നലീന ബെയർബോക്ക്, ഫ്രാൻസിന്റെ ജീൻ-നോയൽ ബാരോട്ട്, ബ്രിട്ടന്റെ ഡേവിഡ് ലാമി എന്നീ മന്ത്രിമാർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. പലസ്തീൻ പ്രദേശത്ത് അവശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കണം. ഹമാസ് ഇനി ഗാസ ഭരിക്കാനോ ഇസ്രയേലിന് ഭീഷണിയാകാനോ പാടില്ലെന്നും മന്ത്രിമാർ ആവശ്യപ്പെട്ടു. ഇസ്രയേൽ രാജ്യാന്തര നിയമം പൂർണമായും മാനിക്കണം എന്നും വിദേശകാര്യ മന്ത്രിമാർ ആവശ്യപെട്ടു.
അതേസമയം ഗാസയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസആക്രമണത്തിൽ അവിടുത്തെ ഒരേയൊരു ക്യാൻസർ സ്പെഷ്യാലിറ്റി ആശുപത്രി കെട്ടിടം തകർത്തു. തുർക്കിഷ് – പലസ്തീനിയൻ ഫ്രണ്ട്ഷിപ്പ ആശുപത്രിയാണ് വെള്ളിയാഴ്ച തകർത്തത്. നേരത്തെ 17 മാസം നീണ്ട ആക്രമണത്തിനിടെ ഈ ആശുപത്രി ഇസ്രയേലിന്റെ നിയന്ത്രണത്തിലായിരുന്നു. ഈയാഴ്ച ഹമാസുമായുള്ള വെടിനിർത്തൽ കരാർ അവഗണിച്ച് വീണ്ടും ആക്രമണം തുടങ്ങിയ ഇസ്രയേൽ സൈന്യം കഴിഞ്ഞ ദിവസം ഈ മേഖല തിരിച്ചുപിടിക്കുകയും ആശുപത്രി തകർക്കുകയുമായിരുന്നു. യുദ്ധസമയത്ത് ഡോക്ടർമാർക്കും രോഗികൾക്കും ഇവിടേക്ക് പ്രവേശിക്കാൻ സാധിക്കാത്ത തരത്തിലായിരുന്നു ആശുപത്രിയെന്നും അവിടെ ഹമാസ് പ്രവർത്തകരാണ് അവിടെ ഉണ്ടായിരുന്നതെന്നുമാണ് ഇസ്രയേലിന്റെ വാദം. ഇസ്രയേൽ നടപടിയെ ശക്തമായി അപലപിച്ച തുർക്കി, ഗാസയെ മനുഷ്യവാസം സാധ്യമാവാത്ത സ്ഥലമാക്കി മാറ്റാനും ആളുകളെ ഇവിടെ നിന്ന് ഒഴിപ്പിക്കാനും ഇസ്രയേൽ ബോധപൂർവം ശ്രമിക്കുകയാണെന്നും ആരോപിച്ചു.