റിയാദ്: സൗദിയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. കാസർക്കോട് ബദിയ ബന്തടുക്ക സ്വദേശി എ.എം ബഷീർ(41) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി രാത്രി വാഹനം കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തിയ ആക്രമി സംഘം വെടിവെച്ചു കൊല്ലുകയായിരുന്നു എന്നാണ് വിവരം. അടുത്തുണ്ടായിരുന്നവർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചുവെന്നാണ് പ്രാഥമിക വിവരം.
ബഷീറിന് എങ്ങനെയാണ് വെടിയേറ്റതെന്ന് വ്യക്തമല്ലെന്ന് ബന്ധുക്കൾ പറഞ്ഞു. സ്‌പോണ്‍സറുമായി ബന്ധപ്പെട്ടുവരികയാണെന്നും ബന്ധുക്കൾ അറിയിച്ചു. മൃതദേഹം ബീഷയിലെ കിങ് അബ്ദുല്ല ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ പതിമൂന്നു വർഷമായി സൗദിയിൽ ജോലി ചെയ്യുന്ന ബഷീർ ഹൗസ് ഡ്രൈവർ വീസയിലാണ്. ഭാര്യ: നസ്റിൻ ബീഗം. മക്കൾ:മറിയം ഹല, മുഹമ്മദ് ബിലാൽ.
പ്രതികളെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സിസി ടിവി ദൃശ്യങ്ങള്‍ അടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.