കേരളത്തിലുടനീളം വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന 45 അംഗ കവർച്ചാ സംഘത്തിലെ നാലുപേരെ പൊലീസ് പിടികൂടി. തമിഴ്‌നാട് തിരുനൽവേലി കളത്തുസ്ട്രീറ്റിൽ ജയറാം (32), ഭാര്യ നാഗവല്ലി (30), മധുരൈ നാഗമലയ്ക്കത്ത് തങ്കപാടി (39), ഭാര്യ വല്ലി ടി.ശങ്കരി (33) എന്നിവരാണ് പിടിയിലായത്. മാർച്ച് 21-നു ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ പോയിവരികയായിരുന്ന ചേറ്റുകുളം നെടുംകുന്നേൽ കുഞ്ഞൂഞ്ഞമ്മയുടെ (68) രണ്ടരപ്പവൻ മാല ഇവർ മോഷ്ടിച്ചിരുന്നു. ചേറ്റുകുളം കോളനിക്കു സമീപം സ്റ്റോപ്പിൽ ബസിൽ നിന്നിറങ്ങുമ്പോൾ 3 സ്ത്രീകൾ വാതിലിൽ തടസ്സം നിൽക്കുകയും ഒരാൾ വേഗത്തിൽ മാല പൊട്ടിച്ചെടുക്കുകയുമായിരുന്നു. അടൂരിൽനിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. ഒരാളെക്കൂടി പിടികൂടാനുണ്ട്.
ഇവരുടെ സംഘത്തിൽ 45 പേർ ഉള്ളതായി പൊലീസ് പറഞ്ഞു. സ്വർണം കൈവശമുള്ള ആളുകളെ കേന്ദ്രീകരിച്ചാണ് മോഷണം. മൂന്നോ നാലോ പേർ ഒരാളെ വളഞ്ഞശേഷം അവരുടെ ശ്രദ്ധ മാറുന്നത് നോക്കി മോഷ്‌ടാക്കളിൽ ഒരാൾ ആഭരണങ്ങൾ കവരുന്നതാണു പതിവ്. മറ്റുള്ളവർ അതു വേറാരും കാണാതെ മറയ്ക്കും. ഇവരുടെ ഭർത്താക്കന്മാരാണ് മോഷണമുതൽ വിൽപന നടത്തുന്നത്. വീടുകളിലെത്തി പഴയ തുണികൾ ശേഖരിച്ചാണ് മോഷണസ്‌ഥലങ്ങൾ കണ്ടെത്തുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവർക്കെതിരെ മറ്റ് നിരവധി കേസുകൾ കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായുണ്ട്.