ചൊവ്വയിലേക്ക് മനുഷ്യനെയെത്തിക്കുകയെന്ന ലക്ഷ്യവുമായി ഇലോൺ മസ്കിന്റെ സ്പേസ് കമ്പനി വികസിപ്പിച്ച സ്റ്റാർഷിപ് റോക്കറ്റ് പൊട്ടിത്തെറിച്ചു. പത്താം പരീക്ഷണ വിക്ഷേപണത്തിന് തയ്യാറെടുക്കവെയാണ് പൊട്ടിത്തെറിച്ചത്. സ്‌പേസ്എക്‌സിന്റെ ബഹിരാകാശ ഗവേഷണ – പരീക്ഷണ ആസ്ഥാനമായ സ്റ്റാര്‍ബേസിലാണ് അപകടം. വിക്ഷേപണത്തറയില്‍ വച്ച് തന്നെ പൊട്ടിത്തെറിക്കുകയായിരുന്നു.
ലോകത്തിലെ ഏറ്റവും കരുത്തുള്ള റോക്കറ്റ് ആണിതെന്നാണ് റിപ്പോര്‍ട്ട്. ബഹിരാകാശത്തേക്ക് ഏറ്റവും കൂടുതല്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള റോക്കറ്റ് ആണ് സ്റ്റാര്‍ഷിപ്പ്. മനുഷ്യരെ ചന്ദ്രനിലും ചൊവ്വയിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്‌പേസ്എക്‌സ് നിര്‍മിക്കുന്ന സൂപ്പര്‍ ഹെവി ലിഫ്റ്റ് റോക്കറ്റാണിത്. ആളപായമില്ലെന്ന് സ്‌പേസ്എക്‌സ് വ്യക്തമാക്കി. പൊട്ടിത്തെറിക്ക് പിന്നില്‍ സാങ്കേതിക തകരാറെന്നാണ് വിശദീകരണം. ഈ വർഷം നടന്ന മുൻ പരീക്ഷണങ്ങളിലും സ്റ്റാർഷിപ് പൊട്ടിത്തെറിക്കുകയോ റോക്കറ്റിനു നിയന്ത്രണം നഷ്ടമാകുകയോ ചെയ്‌തിരുന്നു.