നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ അവസാനിപ്പിച്ചു. ആത്മഹത്യ പ്രേരണയാണോ എന്നുള്ളതിന് തെളിവില്ല എന്ന നിഗമനത്തിലാണ് അന്വേഷണം അവസാനിപ്പിച്ചതെന്ന് സിബിഐ മുംബൈ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഫോറൻസിക് വിദഗ്ധർ സുശാന്തിന്റെ ഫ്ലാറ്റ് പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ തെളിവുകളൊന്നും കണ്ടെത്താനായില്ല. അദ്ദേഹത്തിന്റെ മരണം ആത്മഹത്യയാണെന്നതാണ് ഫോറൻസിക് വിദഗ്ധർ സിബിഐക്ക് നൽകിയ അന്തിമ റിപ്പോർട്ടിലുള്ളത്.
2020 ജൂൺ 14-നാണ് സുശാന്തിനെ ബാന്ദ്രയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ വിഷാദരോഗം മൂലമാണ് താരം ജീവനൊടുക്കിയതെന്ന് മുംബൈ പോലീസ് റിപ്പോർട്ട് നൽകിയിരുന്നു.എന്നാൽ അന്വേഷണത്തിൽ അട്ടമിറിയുണ്ടായെന്ന് സുശാന്തിന്റെ കുടുംബം ആരോപണം ഉയർത്തിയതോടെ അന്വേഷണം മറ്റ് ഏജൻസികളിലേക്കും എത്തുകയായിരുന്നു. മുംബൈ പൊലീസിന് ശേഷം ഇ.ഡി, നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) എന്നീ ഏജൻസികളും കേസ് അന്വേഷിച്ചിരുന്നു. പിന്നീടാണ് കേസ് സിബിഐ അന്വേഷിച്ചത്.
സുശാന്ത് സിനിമയ്ക്ക് പുറമേ ടെലിവിഷൻ താരം, അവതാരകൻ, നർത്തകൻ എന്നീ നിലകളിലും പ്രശസ്തനായിരുന്നു.