സിപിഎം അനിവാര്യഘട്ടത്തിൽ ആർഎസ്എസുമായി ചേർന്നിട്ടുണ്ട് എന്ന പരാമർശത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ‘ആർഎസ്എസുമായി സിപിഐഎമ്മിന് കൂട്ട് ഇന്നലെയും ഇല്ല, ഇന്നും ഇല്ല, നാളെയും ഉണ്ടാകില്ല. ഒരുഘട്ടത്തിലും ആർഎസ്എസുമായി സിപിഐഎം സഖ്യം ചേർന്നിട്ടില്ല. എന്നാൽ കോൺഗ്രസിന് അങ്ങനെ പറയാൻ കഴിയില്ല. വിമോചന സമരത്തിൽ കോൺഗ്രസ് ആർഎസ്എസുമായി സഹകരിച്ചിരുന്നു. ആർഎസ്എസ് വോട്ട് വേണ്ടെന്ന് ഇ.എം.എസ് പ്രഖ്യാപിച്ചതാണ്. മതനിരപേക്ഷതയ്ക്കുള്ള പ്രതിബദ്ധതയാണ് സിപിഐഎം നിലനിർത്തിയതും ഉയർത്തിപ്പിടിച്ചതും’ എന്നാണ് എം.വി. ഗോവിന്ദൻ ഇന്ന് പറഞ്ഞത്. വടകരയിലും ബേപ്പൂരിലും ആർഎസ്എസും കോൺഗ്രസും ചേർന്ന് സഖ്യമുണ്ടാക്കിയെന്നും, അതിനെ ഇടതുപക്ഷം തോൽപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കോലീബി സഖ്യത്തിന്‍റെ പാരമ്പര്യം കിടക്കുമ്പോഴാണ് ആർഎസ്എസ് വോട്ട് വേണ്ടെന്ന് തുറന്ന് പ്രഖ്യാപിച്ച സിപിഎമ്മിനെതിരെ കള്ള പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം പറഞ്ഞത് അമ്പതുവർഷം മുമ്പുള്ള കാര്യമാണെന്നും രാഷ്ട്രീയ മാറ്റത്തേക്കുറിച്ച് പറഞ്ഞപ്പോൾ ചൂണ്ടിക്കാണിച്ച ഉദാഹരണമാണതെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂരില്‍ ജമാഅത്തെ ഇസ്‍ലാമിയെ വെള്ളപൂശി പിന്തുണ തേടുന്ന നിലപാടാണ് കോണ്‍ഗ്രസും ലീഗും ഉള്‍പ്പെടുന്ന യുഡിഎഫ് സ്വീകരിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് ആര്‍എസ്എസുമായി കൂട്ടുചേര്‍ന്നിരുന്നുവെന്ന തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും അതിന്റെ പേരില്‍ നിലമ്പൂരില്‍ ഒരു വോട്ട് പോലും എല്‍ഡിഎഫിനു നഷ്ടപ്പെടില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു ജാഗ്രതക്കുറവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിൽ വർഗീതയ്ക്കെതിരായ ചെറുത്തുനിൽപ്പും വികസനവുമാണ് എൽഡിഎഫ് മുന്നോട്ടുവച്ചത്. ഇതിനു മറുപടി പറയാൻ കഴിയാതെ നിരായുധരായ സേനയുടെ അവസ്ഥയിലായിരുന്നു യുഡിഎഫ് എന്നും ഗോവിന്ദൻ പറഞ്ഞു.
ലോകമാകെ ഇസ്ലാമിക രാഷ്ട്രം രൂപപ്പെടണമെന്ന ധാരണയോടെ പ്രവർത്തിക്കുന്ന തീവ്രവർഗീയ പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമിയെ ആദ്യമായി ഒരു ജനാധിപത്യ രാഷ്ട്രീയ പ്രസ്‌ഥാനം തിരഞ്ഞെടുപ്പു മുന്നണിയുടെ ഭാഗമാക്കുന്നത് യുഡിഎഫാണ്. ഇതു ദൂരവ്യാപകമായ പ്രശ്നം ഉണ്ടാക്കും എന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ആര്‍ എസ് എസ് ധാരണ സംബന്ധിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ പ്രസ്താവനയോട് പ്രതികരിച്ച് യുഡിഎഫ് കണ്‍വീനര്‍ അടൂർ പ്രകാശ്. പഴയ കാര്യങ്ങളാണ് പുറത്തു വരുന്നത്. നിലമ്പൂരിലും സിപിഎം, ബിജെപിയുമായി ധാരണ ഉണ്ടാക്കിയിട്ടുണ്ട്. എംവി ഗോവിന്ദൻ എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് ജനം വിലയിരുത്തട്ടെ. തുറന്നു പറഞ്ഞതിൽ നന്ദിയുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പിനെ ഇതൊന്നും ബാധിക്കില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. തൃശ്ശൂരിൽ ബിജെപിയുടെ സ്ഥാനാർഥി എങ്ങനെ വിജയിച്ചു എന്ന് ആലോചിക്കണം. പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ചേർന്നാണ് ഇത് നടപ്പാക്കിയത്. തൃശ്ശൂരിൽ ചെയ്ത സഹായത്തിന് നിലമ്പൂരിൽ പ്രതിഫലം ഉണ്ടാകുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
എംവി ഗോവിന്ദന്റെ ആർഎസ്എസ് കൂട്ടുകെട്ട് പരാമർശം നിലമ്പൂരിൽ ആർഎസ്എസ് വോട്ട് കിട്ടാനുള്ള കള്ളക്കളിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആർഎസ്എസുമായി സിപിഐഎമ്മിന് എക്കാലത്തും അന്തർധാര. ഇപ്പോഴത്തെ പരാമർശം എം സ്വരാജിന് വോട്ട് നേടാനുള്ള കൂർമ്മ ബുദ്ധിയാണെന്നും ചെന്നിത്തല വിമർശിച്ചു. ബിജെപി ലക്ഷ്യം കോൺഗ്രസ് മുക്ത ഭാരതം. സിപിഐഎം അതിന് പിന്തുണ നൽകുന്നു. നിലമ്പൂരിൽ യുഡിഎഫ് വിജയം സുനിശ്ചിതം. എൽഡിഎഫിന്റെ കള്ളപ്രചരണം ജനം തിരിച്ചറിയും. പിവി അൻവർ പിടിക്കുക എൽഡിഎഫ് വോട്ടുകൾ മാത്രമെന്നും ചെന്നിത്തല പറഞ്ഞു. എം സ്വരാജ് എംവി ഗോവിന്ദനെക്കാൾ വളർന്നിട്ടില്ല. സ്വരാജ് പാർട്ടി സെക്രട്ടറി ആകുമ്പോൾ പഠിപ്പിക്കാൻ വന്നാൽ മതി. ചരിത്ര വസ്തുതകൾ ആർക്കും മറച്ചു പിടിക്കാനാവില്ല. എംവി ഗോവിന്ദൻ വീണിടിത്ത് കിടന്ന് ഉരുളുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.