ഇസ്‌ലാമാബാദ്∙ സിന്ധു നദീജല കരാർ റദ്ദാക്കിയ നടപടിയിൽ ഇന്ത്യക്കെതിരെ പ്രകോപനപരമായ പ്രസ്താവനയുമായി മുൻ പാക്ക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ. ‘‘സിന്ധു നദി നമ്മുടേതാണ്, അത് നമ്മുടേതായി തന്നെ തുടരും. ഒന്നുകിൽ നമ്മുടെ വെള്ളം അതിലൂടെ ഒഴുകും, അല്ലെങ്കിൽ അവരുടെ രക്തം ഒഴുകും,” എന്നായിരുന്നു ബിലാവലിന്റെ ഭീഷണി. സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ഇന്ത്യയുടെ ഏകപക്ഷീയമായ തീരുമാനത്തെ അപലപിച്ചുകൊണ്ടായിരുന്നു ഭീഷണി പ്രസ്താവന.
സുക്കൂറിൽ നടന്ന പൊതുയോഗത്തിലാണ് ബിലാവാൽ പ്രസ്താവന നടത്തിയത്. സ്വന്തം പരാജയങ്ങൾ മറച്ചുവെക്കാനുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുടെ ശ്രമമാണ് കരാർ റദ്ദാക്കിയതിലൂടെ കാണുന്നത്. ജമ്മു കശ്മീരിൽ ഭീകരാക്രമണം നടന്നതിന് ഇന്ത്യ പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്നു. ഭീകരവാദം ഏറ്റവും കൂടുതൽ ബാധിച്ച രാജ്യമായതിനാൽ പാക്കിസ്ഥാൻ അതിനെ ശക്തമായി അപലപിക്കുന്നുണ്ടെന്ന് ബിലാവൽ പറഞ്ഞു. പാക്കിസ്ഥാനോ രാജ്യാന്തര സമൂഹമോ അദ്ദേഹത്തിന്റെ (മോദിയുടെ) ‘യുദ്ധക്കൊതി’യോ സിന്ധു നദീജലം വഴിതിരിച്ചുവിടാനുള്ള ശ്രമമോ സഹിക്കില്ലെന്നും ഭൂട്ടോ പറഞ്ഞു.
പാക്കിസ്ഥാനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ച ഇന്ത്യയുടെ നടപടികൾ പാക്ക് നേതാക്കളെ ഏറെ പ്രകോപിച്ചിട്ടുണ്ടെന്നതിന്റെ തെളിവാണ് ഭൂട്ടോയുടെ പ്രസ്താവന.
അതിനിടെ പഹൽഗാം ഭീകരാക്രമണത്തിൽ അന്വേഷണത്തിന് തയാറാണെന്ന പ്രസ്താവനയുമായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്രംഗത്തുവന്നു. സിന്ധു നദീജലം പാക്കിസ്ഥാന്റെ നിലനിൽപ്പിന് അനിവാര്യമാണെന്നും ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. പാക്കിസ്ഥാൻ മിലിട്ടറി അക്കാദമിയിൽ നടന്ന ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഷെരീഫ്. “നിഷ്പക്ഷമായ ഏതൊരു അന്വേഷണത്തിനും പാക്കിസ്ഥാൻ തയാറാണ്. പരസ്പര ധാരണയോട് കൂടി അന്വേഷണം നടക്കണം. പഹൽഗാം ആക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്ന പ്രവണത അവസാനിപ്പിക്കണം. വിശ്വാസനീയവും നിഷ്പക്ഷവും സുതാര്യവുമായ ഏത് അന്വേഷണത്തിനും സഹകരിക്കാൻ തയാറാണ്. ഭീകരതയെ സർക്കാർ എന്നും അപലപിച്ചിട്ടുണ്ടെന്നും” പാക് പ്രധാനമന്ത്രി വിശദീകരിച്ചു.
ഐക്യരാഷ്‌ട്രസഭ സെക്യൂരിറ്റി കൗൺസിൽ ഉൾപ്പെടെ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കുകയും ഇന്ത്യയ്‌ക്ക് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാന്റെ പങ്ക് ലോകരാജ്യങ്ങൾക്ക് വ്യക്തമായതിന് പിന്നാലെയാണ് മൗനം വെടിഞ്ഞ് പാക് പ്രധാനമന്ത്രി പ്രസ്താവനയുമായി വന്നിരിക്കുന്നത്. കാനഡ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ ഇന്ത്യയ്‌ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് പാക് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.
പാക്കിസ്ഥാനിലെ ലാഹോർ വിമാനത്താവളത്തിൽ വൻ തീപിടുത്തം; വിമാന സർവീസുകൾ റദ്ദാക്കി.