തിരുവനന്തപുരം: സിഎംആർഎല്ലിന് സേവനം നൽകാതെ പണം കൈപ്പറ്റി എന്നു മൊഴി നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ. സേവനം നല്‍കാതെ കൊച്ചിൻ മിനറൽസ് ആന്‍ഡ് റൂടെെൽ ലിമിറ്റഡിൽനിന്ന്(സിഎംആര്‍എല്‍) പണം കൈപ്പറ്റിയെന്ന് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസില്‍(എസ്.എഫ്.ഐ.ഒ) താന്‍ മൊഴി നല്‍കിയെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്ന് വീണ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. താന്‍ എസ്.എഫ്.ഐ.ഒയ്ക്ക് ഇത്തരത്തിലുള്ള മൊഴി നല്‍കിയിട്ടില്ല. വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നു. ഈ അന്വേഷണവുമായി ബന്ധപ്പെട്ട് മൊഴി നല്‍കി എന്നത് വസ്തുതയാണ്. പക്ഷേ, പ്രചരിക്കുന്നത് സത്യമല്ലെന്നും വീണ പറഞ്ഞു.
സിഎംആര്‍എൽ-എക്സാലോജിക് മാസപ്പടി ഇടപാടിൽ സിഎംആര്‍എല്ലിന് സേവനം നൽകിയിട്ടില്ലെന്ന് വീണ സമ്മതിച്ചതായാണ് എസ്എഫ്ഐഒ കുറ്റപത്രത്തിൽ പറയുന്നതായി ഇന്നലെ വാർത്തകൾ വന്നിരുന്നു. കുറ്റപത്രത്തിൽ എസ്എഫ്ഐഒ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട് എന്നാണ് വിവരം. സിഎംആര്‍എല്‍-എക്സലോജിക് കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) കുറ്റപത്രത്തില്‍ വീണ വിജയന്‍ വായ്പ തിരിച്ചടയ്ക്കാനായി സിഎംആര്‍എല്ലിന്റെ ഫണ്ട് ഉപയോഗിച്ചു എന്നാണ് ആരോപിക്കുന്നത്. എറണാകുളം സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇതുസംബന്ധിച്ച് വിവരങ്ങളുള്ളത്.
അതേസമയം, സിഎംആര്‍എൽ-എക്സാലോജിക് മാസപ്പടി ഇടപാട് കേസ് കൂടുതൽ കേന്ദ്ര ഏജന്‍സികളിലേക്ക് എസ്എഫ്ഐഒ കൈമാറി. കേസിലെ അന്തിമ കുറ്റപത്രമാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറിയത്. നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിങ് അതോറിറ്റി, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോ, നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ എന്നിവക്കാണ് കേസിലെ അന്വേഷണ വിവരങ്ങൾ കൈമാറിയത്.
വീണയുടെ പേരില്‍ ഇല്ലാത്ത വാര്‍ത്തയാണ് പ്രചരിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ ഓഫീസില്‍ തയ്യാറാക്കുന്ന ഇത്തരം വാര്‍ത്തകള്‍ സത്യമല്ല. കേസ് കോടതിയില്‍ നടക്കുന്നുണ്ടെന്ന് റിയാസ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ എം പവര്‍ ഇന്ത്യയില്‍നിന്ന് വാങ്ങിയ പണമെങ്കിലും അഴിമതിപ്പണമാണെന്ന് സി പി എം സമ്മതിക്കണമെന്ന് മാത്യു കുഴല്‍നാടന്‍ എം എല്‍എ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ സി എം ആര്‍ എല്ലിന്റെ സഹോദര സ്ഥാപനമായ എം പവര്‍ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് എന്ന സ്ഥാപനത്തില്‍ നിന്ന് വായ്പയായി ലഭിച്ച തുക തിരിച്ചടച്ചുവെന്ന് വ്യാജമായി രേഖയുണ്ടാക്കി അത് സ്വന്തമാക്കിയെന്ന് എസ് എഫ് ഐ ഒ കുറ്റപത്രത്തിലൂടെ വ്യക്തമായ സഹചര്യത്തില്‍ ഈ അഴിമതിപ്പണം ഏത് ഗണത്തില്‍ സി പി എം ഉള്‍പ്പെടുത്തും എന്ന് മാത്യു കുഴല്‍നാടന്‍ ചോദിച്ചു.
മാസപ്പടി ആരോപണം ഉയര്‍ന്നത് മുതല്‍ സി പി എം അതിനെ ന്യായീകരിക്കുകയാണ്. രണ്ട് കമ്പനികള്‍ നടത്തിയ സുതാര്യമായ ഇടപാടാണെന്നും അതിന് അവര്‍ നികുതി അടച്ചിട്ടുണ്ടെന്നുള്ള വാദഗതികളാണ് സി പി എം നിരത്തിയത്. വായ്പയായി ലഭിച്ച തുക വകമാറ്റിയതിനെ കുറിച്ച് സി പി എം നേതൃത്വത്തിന് എന്താണ് പറയാനുള്ളത്? എസ് എഫ് ഐ ഒ കുറ്റപത്രത്തില്‍ വീണാ വിജയന്‍ ക്രമക്കേട് കാട്ടിയെന്ന് പറയുന്നുണ്ട്. എം പവര്‍ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റില്‍ നിന്ന് വീണയ്ക്ക് പണം നല്‍കിയെന്ന് കടലാസില്‍ കുറിക്കുകയും പിന്നേട് അത് തിരികെ നല്‍കിയെന്ന് കടലാസ് രേഖയുണ്ടാക്കുകയും ചെയ്തു. എന്നാല്‍ അങ്ങനെയൊരു പണം നല്‍കിയതല്ലാതെ തിരികെ നല്‍കിയില്ലെന്ന് എസ് എഫ് ഐ ഒ കണ്ടെത്തി. ഈ ഇടപാട് ഏത് കരാറിന്റെ അടിസ്ഥാനത്തിലാണെന്ന് പറയാനുള്ള ബാധ്യത സി പി എമ്മിനുണ്ട്. തുക തിരിച്ചടച്ചെന്ന് കടലാസു രേഖയുണ്ടാക്കിയത് ബോധ്യമായ സാഹചര്യത്തില്‍ വീണാ വിജയന് ലഭിച്ചത് അഴിമതിപ്പണമാണെന്ന കാര്യം ഈ ഘട്ടത്തിലെങ്കിലും സി പി എം അംഗീകരിക്കുമോയെന്നും മാത്യൂ കുഴല്‍നാടന്‍ ചോദിച്ചു