സഭാതർക്കം നൂറ്റാണ്ടുകളായുള്ള തർക്കവുമല്ല, യാക്കോബായ അധിനിവേശ പള്ളികൾ (JOC – Jacobite Occupied Churches) ഒഴിപ്പിക്കൽ പള്ളിപിടുത്തവുമല്ല.
മലങ്കരസഭയിലെ യാക്കോബായ വിഭാഗവും അവരുടെ സ്വാധീനത്തിൽ ഇതര ക്രൈസ്തവസഭകളും, മറ്റു മതങ്ങളും, മീഡിയാകളും രാഷ്ട്രീയ നേതാക്കളും, അതോടൊപ്പം യാഥാർത്ഥ്യം മനസ്സിലാക്കാതെ നിഷ്പക്ഷതയുടെ മുഖമണിഞ്ഞ് ചില ഓർത്തഡോക്സ് സഭാംഗങ്ങളും എപ്പോഴും തെറ്റായി ഉപയോഗിക്കുന്ന പ്രയോഗങ്ങളാണ് “പള്ളി പിടുത്തം”, “നൂറ്റാണ്ടുകളായുള്ള തർക്കം”, “യാക്കോബയക്കാരുടെ പള്ളികൾ” എന്നിവ. നിർഭാഗ്യവശാൽ തിരുത്തേണ്ടവർ തന്നെ അറിഞ്ഞോ അറിയാതെയോ ഈ പ്രയോഗങ്ങൾ നടത്തുമ്പോൾ പള്ളിപിടുത്തം എന്ന് ആക്ഷേപ പദത്തിൻ്റെ യഥാർത്ഥ അർത്ഥം എന്തെന്ന് പൊതുസമൂഹം മനസിലാക്കാതെ പോകുന്നു.
സഭാ തർക്കം :: കാലയളവ് :: പള്ളികൾ
1. സഭാതർക്കം എന്നതിൻ്റെ വിശദമായ കാര്യകാരണങ്ങളിലേക്ക് കടക്കുന്നില്ല. 1910 -കളിൽ മലങ്കരസഭ, മെത്രാൻ കക്ഷി & ബാവാ കക്ഷി എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് ആരുടെ പക്ഷമാണ് ശരി എന്ന് സ്ഥാപിക്കുന്നതിനായി ആരംഭിച്ച തർക്കവും കേസുകളുമാണ് പൊതുവെ സഭാ തർക്കം എന്നറിയപ്പെടുന്നത്. ഇതിൽ മനസിലാക്കേണ്ട വസ്തുത, എല്ലാ തർക്കവിഷയങ്ങളിലും തീർപ്പ് കൽപിച്ച ഈ സഭാതർക്കം, 1958 ലെ അന്തിമ സുപ്രീം കോടതി വിധിയോടു കൂടി ഇരു വിഭാഗങ്ങളും ഒന്നായി സഭയിൽ സമാധാനം ഉണ്ടായി സഭാതർക്കം അവസാനിച്ചു.
ഒന്നായിത്തീർന്ന മലങ്കരസഭയിൽ 1970 -കളിൽ വീണ്ടും പുതിയ ചില തർക്കങ്ങൾ ഉടലെടുത്തു. തുടർന്ന് 1970-കളിൽ പുതുതായി ആരംഭിച്ച തർക്കങ്ങളും കേസുകളും അതിൻ്റെ പിന്തുടർച്ചയുമാണ് ഇന്ന് നിലനിൽക്കുന്ന സഭാതർക്കം എന്ന പേരിൽ അറിയപ്പെടുന്നത്. 1974 -ൽ ആരംഭിച്ച കേസുകളും നടപടികളും മലങ്കര സഭയിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന തർക്കമാണ് എന്ന് പ്രചരിപ്പിക്കുന്നത് തീർത്തും വ്യാജപ്രചരണമാണ് എന്നതാണ് വസ്തുത. ഈ കേസിന് 50-നോടടുത്ത് വർഷം മാത്രം പഴക്കമാണുള്ളത് എന്നതാണ് സത്യം.
2. തർക്കമുള്ള പള്ളികൾ: 1970 -കളിൽ സഭയിൽ തർക്കം രൂക്ഷമായതിനെ തുടർന്ന് നൽകിയ കേസിൽ മലങ്കരസഭയിൽ അന്ന് ഉണ്ടായിരുന്ന പള്ളികളുടെ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന മലങ്കരസഭയുടെ പള്ളികളാണ് “1064 പള്ളികൾ” എന്ന പേരിൽ സഭാ തർക്കത്തോട് ചേർത്ത് എപ്പോഴും അറിയപ്പെട്ടിരുന്നത്. ‘അന്തിമ ഉടമസ്ഥാവകാശ’ തർക്കം കോടതിയിൽ നടന്നു വരുകയായിരുന്നുവെങ്കിലും, ഈ കാലത്ത് ഇതിൽ 600 നടുത്ത് പള്ളികൾ ഓർത്തഡോക്സ് ഭാഗത്തും 400 നടുത്ത് പള്ളികൾ യാക്കോബായ ഭാഗത്തുമായി നിലകൊണ്ടു. 1995 ലെ സുപ്രീം കോടതി വിധിയിലെ നിർദേശപ്രകാരം മലങ്കരയിൽ പള്ളിയോഗം (2002) കൂടി മലങ്കരസഭയുടെ തലവനെ നിർണയിക്കുവാൻ തീരുമാനിച്ചു. ഈ അവസരത്തിൽ യാക്കോബായ വിഭാഗം ആവശ്യപ്പെട്ടതിനെ തുടർന്ന് 1064 പള്ളികളിൽ നിന്ന് ക്നാനായ, സിംഹാസന, പൗരസ്ത്യ സമാജം, ഹോണവാർ മിഷൻ തുടങ്ങിയവയുടെ പള്ളികൾ നിന്ന് ഒഴിവാക്കപ്പെട്ടു. അങ്ങനെ പള്ളികളുടെ എണ്ണം 1064 ൽ നിന്ന് 913 ആയി. 1970 കളിൽ കേസ് ആരംഭിച്ചതിൻ്റെ ശേഷം ഇരുവിഭാഗവും സ്ഥാപിച്ചതും, സ്വതന്ത്രമായ ചാപ്പലുകളും ചേർത്തുള്ള പുതിയ ലിസ്റ്റ് 2002 മലങ്കര അസോസിയേഷിനെ തുടർന്ന് നിലവിൽ വന്നു. ഇപ്രകാരം സുപ്രിം കോടതി നിരീക്ഷകൻ്റെ റിപ്പോർട്ട് പ്രകാരം 1654 പള്ളികളാണ് ലിസ്റ്റിലുണ്ടായിരുന്നത്. പട്ടിക തയ്യാറാക്കി സമർപ്പിക്കുന്നത് വരെ യാക്കോബായ വിഭാഗം 2002 അസോസിയേഷൻ പ്രക്രിയകളിൽ സഹകരിച്ചുവെങ്കിലും അതിനുശേഷം ഈ അസോസിയേഷൻ ബഹിഷ്ക്കരിച്ചു. അങ്ങനെ നിയമപ്രകാരം ഈ പളളികളെല്ലാം മലങ്കരസഭയുടെ ഭാഗവും 1934 ഭരണഘടനയുടെ ഭാഗവുമായി തീർന്നു.
1974 -ൽ ഫയൽ ചെയ്ത കേസിലെ ആവശ്യമംഗീകരിച്ച് , 2017- 20 കാലത്ത് ഉണ്ടായ സുപ്രീം കോടതി വിധി ഈ ദേവാലയങ്ങളിലെല്ലാം 1934 ഭരണഘടന അനുസരിക്കാത്ത സ്ഥാനികൾക്ക് പ്രവേശനം നിഷേധിച്ചു. യാക്കോബായ വിഭാഗം ഇപ്പോഴും കൈവശം വെച്ചിരിക്കുന്ന മലങ്കരസഭയുടെ പള്ളികളിൽ ഈ വിധി നടപ്പിലാക്കുന്നതുമായ പ്രക്രിയയാണ് “പള്ളി പിടുത്തം” എന്ന പേരിൽ വ്യാഖ്യാനിച്ച് തെറ്റിദ്ധാരണ പരത്തുന്നത്. ഇതിൽ മനസിലാക്കേണ്ട ഒരു വസ്തുത 2017-ലെ വിധിപ്രകാരം മലങ്കരസഭയുടെ ഭാഗമാണെങ്കിൽ പോലും 1970-ന് ശേഷം പണിഞ്ഞ ചില പള്ളികളിൽ മാത്രമാണ് തത്വത്തിൽ എങ്കിലും യാക്കോബായ വിഭാഗത്തിന് പൂർണ അവകാശം എന്ന് പറയാൻ എങ്കിലും സാധിക്കുന്നത്. അതിനു മുൻപുള്ളത് എല്ലാം ഒന്നായിരുന്ന മലങ്കരസഭയുടെ പള്ളികളാണ്. അവ യാക്കോബായ വിഭാഗത്തിൻ്റെ മാത്രമാണ് എന്ന വാദത്തിൽ ഒട്ടും കഴമ്പില്ല.
3. മലങ്കരയിലെ 1654 പള്ളികളിൽ 354 പള്ളികളിലാണ് 2017 ന് ശേഷം വിധി നടപ്പിലാക്കേണ്ടിയിരുന്നത്. അതിൽ 100 നടുത്ത് പള്ളികളിൽ വിധി നടപ്പിലാക്കി കഴിഞ്ഞു. ബാക്കിയുള്ള 200-230 പളളികളിൽ വിധി നടപ്പിലാക്കുന്നതിനുമേൽ ഉള്ള തർക്കമാണ് ഇപ്പോൾ നിലവിലുള്ളത്.
നിലവിലെ വിവാദ വിഷയങ്ങൾ ഒറ്റ നോട്ടത്തിൽ
1. യോചിപ്പിലൂടെ സമാധാനം എന്ന് ഓർത്തഡോക്സ് സഭ
2. വിഭജനത്തിലൂടെ സമാധാനം എന്ന് യാക്കോബായ വിഭാഗം
3. വിധി നടപ്പിലാക്കാനുള്ള (200-250) പള്ളികളിൽ സമ്പൂർണ വിധി നടപ്പിലാക്കണമെന്ന ഒരു വിഭാഗം
4. വിധി നടപ്പിലാക്കാനുള്ള (200-250) പള്ളികൾ യാക്കോബായ വിഭാഗത്തിന് വിട്ടുകൊടുത്തുള്ള സമാധാനം എന്ന് ഒരു വിഭാഗം.
5. യാക്കോബായ വിഭാഗത്തിൽ പൂർണമായി ഇരിക്കുന്ന 200 ഓളം പള്ളികൾ യാക്കോബായക്കാർക്ക് കൊടുത്ത്, ചുരുക്കം എങ്കിലും ഓർത്തഡോക്സ് സഭാംഗങ്ങൾ ഉള്ള ബാക്കി 50 ഓളം പള്ളികളിൽ ഒത്ത് തീർപ്പ് ഉണ്ടാക്കുക.
ഇങ്ങനെയുള്ള വിവിധ ആശയസംഘട്ടനങ്ങളിലൂടെയാണ് സഭ ഇന്ന് കടന്നു പോകുന്നത്. ഇതിൽ എല്ലാ ആശയങ്ങൾക്കും ആരാധകർ ധാരാളമാണ്. ഇതിൽ ഏതെങ്കിലും ഒരു ആശയത്തിന് അനുകൂലമായി സംസാരിച്ചാൽ ഇതര ആശയങ്ങൾ അനുകൂലിക്കുന്നവരുടെ പ്രതിഷേധം നേരിടേണ്ടി വരും. യോചിപ്പ് ഒഴികെ ഏത് ആശയം സ്വീകരിച്ചാലും മലങ്കരസഭയ്ക്ക് നഷ്ടം സഹിക്കേണ്ടി വരും എന്നത് ഒരു വസ്തുതയാണ്.
യോചിപ്പിൻ്റെ സുവിശേഷമാണോ, ഭിന്നിപ്പിൻ്റെ സുവിശേഷമാണോ, പിടിച്ചെടുക്കലിൻ്റെ സുവിശേഷമാണോ, വിട്ടുകൊടുപ്പിൻ്റെ സുവിശേഷമാണോ സഭയിൽ പൂർണ സമാധാനം കൊണ്ടുവരുന്നത് ദൈവത്തിന് മാത്രം അറിയാം. ദൈവത്തിൻ്റെ സഭയെ ദൈവം കാക്കട്ടെ.
“യാക്കോബായ അധിനിവേശ പള്ളികൾ (JOC – Jacobite Occupied Churches) ” Title പ്രയോഗത്തിന് കടപ്പാട് ഒരു വാട്ട്സാപ്പ് ഗ്രൂപ്പ്.
റ്റിബിൻ ചാക്കോ തേവർവേലിൽ