കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പിലും അനുയായികളും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേർന്നു. പി.വി.അൻവറിന്റെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം. എന്‍ഡിഎ മുന്നണിയുടെ ഭാഗമായിരുന്ന സജി തൃണമൂല്‍ കോണ്‍ഗ്രസിലൂടെ വീണ്ടും യുഡിഎഫ് രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാനാണ് ശ്രമിക്കുന്നത്. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് മുന്‍ ജില്ലാ അദ്ധ്യക്ഷനും യുഡിഎഫ് ചെയര്‍മാനുമായിരുന്നു സജി. മോന്‍സ് ജോസഫുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സജി കേരള കോണ്‍ഗ്രസ് വിട്ടത്. തുടന്നാണ് എന്‍ഡിഎയുടെ ഭാഗമായത്.
തൃണമൂൽ കോൺഗ്രസിലും ‘കോൺഗ്രസ്’ ഉണ്ടല്ലോ, കോൺഗ്രസ് മനസ്സിന് മാറ്റം വരില്ലെന്നും എൻഡിഎ സംഖ്യം വിട്ട കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. കേരള കോൺഗ്രസ്സ് ഡെമോക്രറ്റിക്കിന് അർഹിക്കുന്ന പരിഗണന എൻഡിഎ നൽകിയില്ല. അതിനാലാണ് പുതിയ തീരുമാനമെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. തൃണമൂൽ കോൺഗ്രസിന്റെ വിപുലമായ ലയന സമ്മേളനം ഏപ്രിലിൽ ചേരുമെന്നും സജി മഞ്ഞക്കടമ്പിൽ അറിയിച്ചു. എൻഡിഎയുടെ ഭാഗമായിട്ട് ഒരു വർഷമായിട്ടും അവരുടെ യോഗത്തിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയെ സജി പിന്തുണച്ചിരുന്നു.