Thursday, October 16, 2025
Mantis Partners Sydney
Home » ഷണ്മുഖന് തൊട്ടുപിന്നാലെ തിയറ്ററുകളിലേക്ക് തലയും പിള്ളേരും!! തീയതി പ്രഖ്യാപിച്ച് മോഹൻലാൽ.
ഷണ്മുഖന് തൊട്ടുപിന്നാലെ തിയറ്ററുകളിലേക്ക് തലയും പിള്ളേരും!! തീയതി പ്രഖ്യാപിച്ച് മോഹൻലാൽ.

ഷണ്മുഖന് തൊട്ടുപിന്നാലെ തിയറ്ററുകളിലേക്ക് തലയും പിള്ളേരും!! തീയതി പ്രഖ്യാപിച്ച് മോഹൻലാൽ.

മലയാളത്തിലെ ആദ്യ ഹൈ ഡെഫിനിഷൻ റസല്യൂഷൻ (HDR) ഫോർമാറ്റിലുള്ള ചിത്രമാണിത്.

by Editor

മലയാളത്തില്‍ സമീപകാലത്തെ ഏറ്റവും വലിയ ജനപ്രീതിയുമായി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന മോഹന്‍ലാല്‍ ചിത്രം ‘തുടരു’മിന് ശേഷം തിയറ്ററുകളിലെത്തുന്ന മോഹന്‍ലാല്‍ ചിത്രം ഒരു റീ റിലീസ് ആണ്. മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഛോട്ടാ മുംബൈ എന്ന ചിത്രമാണ് റീ റിലീസിന് ഒരുങ്ങുന്നത്. ബെന്നി പി നായരമ്പലത്തിന്‍റെ രചനയില്‍ 2007-ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ആക്ഷന്‍ കോമഡി ഗണത്തില്‍ പെടുന്ന ഒന്നാണ്.

അന്‍വര്‍ റഷീദും മോഹന്‍ലാലും ഒരുമിച്ച ഒരേയൊരു ചിത്രം, റിലീസ് സമയത്തും പില്‍ക്കാലത്തും ലാല്‍ ആരാധകര്‍ ആഘോഷിച്ച ഒന്നാണ്. ചിത്രം റീ റിലീസ് ചെയ്യണമെന്ന ആവശ്യം ഏറെക്കാലമായി ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. അതിനാണ് ഇപ്പോള്‍ പരിഹാരം ആവുന്നത്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻപിള്ള രാജു, അജയചന്ദ്രൻ നായർ, രഘുചന്ദ്രൻ നായർ എന്നിവർ നിർമ്മിച്ച ചിത്രം മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനമായ മെയ് 21-ന് ചിത്രം തിയറ്ററുകളിൽ എത്തുമെന്ന് അറിയിച്ചിരിക്കുകയാണ്. ചിത്രത്തിൻ്റെ അനൗൺസ്മെൻ്റ് പോസ്റ്റർ മോഹൻലാലും, സംവിധായകരായ സിബി മലയിൽ, തരുൺ മൂർത്തി എന്നിവർ ചേർന്ന് റിലീസ് ചെയ്തു. 18 വർഷങ്ങൾക്ക് ശേഷം മോഹൻലാലിന്‍റെ ജന്മദിനത്തിൽ ചിത്രം റീ റിലീസ് ചെയ്യുമ്പോൾ 4k ദൃശ്യമികവോടെ, ഡോള്‍ബി അറ്റ്‍മോസ് ശബ്ദ സംവിധാനവുമായി ആവും തിയറ്ററുകളിലേക്ക് എത്തുക. ദേവദൂതന് ശേഷം ഹൈ സ്റ്റുഡിയോസ് ആണ് സിനിമ 4k ഡോൾബി അറ്റ്മോസിൽ റിമാസ്റ്ററിങ് ചെയ്യുന്നത്.

മലയാളത്തിലെ ആക്ഷന്‍ കോമഡി സിനിമകളില്‍ വേറിട്ട ഒന്നാണ് ഛോട്ടോ മുംബൈ. കോമഡിയും ആക്ഷനും ഡാന്‍സും റൊമാന്‍സും സൗഹൃദവും ഒക്കെയായി മോഹന്‍ലാല്‍ കളം നിറഞ്ഞ ചിത്രം കൂടിയാണിത്. തല എന്ന് സുഹൃത്തുക്കള്‍ വിളിക്കുന്ന വാസ്കോ ഡ ഗാമ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. പൂര്‍ണമായും കോമഡി എന്റര്‍റ്റെയ്‌നര്‍ എന്ന നിലയിലുള്ള ഈ ചിത്രം അന്നത്തെ സൂപ്പര്‍ ഹിറ്റായിരുന്നു. കലാഭവന്‍ മണി, മണിയൻ പിള്ള രാജു, രാജൻ പി ദേവ്, വിനായകൻ, സുരാജ് വെഞ്ഞാറമൂട്, ജഗതി, ഇന്ദ്രജിത്ത്, സിദ്ദിഖ്, ബിജുക്കുട്ടന്‍, മണിക്കുട്ടന്‍, സായ്കുമാര്‍, മല്ലിക സുകുമാരൻ, സനുഷ എന്നിവര്‍ മത്സരിച്ച് അഭിനയിച്ച ചിത്രവുമാണിത്.

വയലാർ ശരത് ചന്ദ്ര വർമയുടെ വരികൾക്ക് രാഹുല്‍ രാജ് സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ പാട്ടുകളും ഏറെ ഹിറ്റായിരുന്നു. ഡി.ഓ.പി: അഴകപ്പൻ, പ്രൊഡക്ഷൻ കൺട്രോളർ: ആൻ്റോ ജോസഫ്, ക്രീയേറ്റീവ് വിഷനറി ഹെഡ്: ബോണി അസ്സനാർ, എഡിറ്റർ: ഡോൺ മാക്സ്, കലാസംവിധാനം: സുനിൽബാബു, കോസ്റ്റ്യൂംസ്: സതീശൻ എസ്.ബി, മുരളി, മേക്കപ്പ്: രഞ്ജിത് അമ്പാടി, അറ്റ്മോസ് മിക്സ്‌: ഹരിനാരായണൻ, ഡോൾബി അറ്റ്മോസ് മിക്സ്‌ സ്റ്റുഡിയോ: സപ്താ റെക്കോർഡ്സ്, കളറിസ്റ്റ്: ഷാൻ ആഷിഫ് (ഹൈ സ്റ്റുഡിയോസ്), 4k റീ മാസ്റ്ററിങ്: ഹൈ സ്റ്റുഡിയോസ്, ഡിസ്ട്രിബ്യൂഷൻ: ശ്രീപ്രിയ കമ്പയിൻസ്, ടൈറ്റിൽസ് : ശബരി ശങ്കർ (ഹൈ സ്റ്റുഡിയോസ്), മാർക്കറ്റിംഗ്: ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്‌സ്, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: സുനിൽ ഗുരുവായൂർ, പബ്ലിസിറ്റി ഡിസൈൻസ്: കോളിൻസ് ലിയോഫിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Send your news and Advertisements

You may also like

error: Content is protected !!