ഇന്ത്യ-കുവൈറ്റ് സാംസ്കാരിക ബന്ധത്തിന്റെ ആഘോഷമായി ഇന്ത്യൻ എംബസ്സി കുവൈറ്റ് ‘ഭാരത് മേള’ സംഘടിപ്പിച്ചു. തുടര്‍ച്ചയായ പത്ത് മണിക്കൂര്‍ നീണ്ട മേളയ്ക് ഇന്ത്യൻ എംബസിയാണ് ചുക്കാൻ പിടിച്ചത്. ഏഴായിരത്തിലധികം സന്ദര്‍ശകരാണ് മേള കാണാനെത്തിയത്. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രവാസി സമൂഹവുമായുള്ള സാംസ്കാരിക ബന്ധം പ്രോത്സാഹിപ്പിക്കുക എന്ന പദ്ധതിയുടെ കീഴിലാണ് ‘ഭാരത് മേള’ സംഘടിപ്പിച്ചത്. ശനിയാഴ്ച രാവിലെ മുതല്‍ രാത്രി 9 വരെ സാല്‍മിയ ബോളിവാഡ് പാര്‍ക്കിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു മേള. ഇന്ത്യന്‍ സ്ഥാനപതി ഡോ: ആദര്‍ശ് സ്വൈക , ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരങ്ങളായ എംഎസ്‌കെ പ്രസാദ്, വി. രാജു എന്നിവർ ചേർന്നായിരുന്നു ഉദ്ഘാടനം.
ഇന്ത്യയും കുവൈറ്റും തമ്മിലുള്ള സുപ്രധാന ബന്ധം വളർത്തിയെടുക്കുന്നതിനൊപ്പം വൈവിധ്യമാർന്ന ഇന്ത്യൻ സമൂഹങ്ങൾക്കുള്ളിലെ ബന്ധങ്ങളും സൗഹൃദങ്ങളും ശക്തിപ്പെടുത്തുക എന്നതാണ് ഇന്ത്യാ ദിനാഘോഷങ്ങളുടെ ലക്ഷ്യമെന്ന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക പറഞ്ഞു. ഇതാദ്യമായാണ് കുവൈത്ത് എംബസി ഇത്ര വലിയ തോതിൽ സാംസ്കാരിക പരിപാടി സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അനവധി ഇന്ത്യൻ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നത് കുവൈത്തുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധം വിപുലീകരിക്കുന്നതിന്റെ തെളിവാണെന്നും ഡോ. സൈ്വക പറഞ്ഞു.
വിവിധ കലാ-സാംസ്‌കാരിക പരിപാടികൾ കാണാൻ വലിയ ജനക്കൂട്ടമാണ് എത്തിയത്. ഇന്ത്യയുടെ വടക്ക്, തെക്ക്, പടിഞ്ഞാറ്, കിഴക്ക്, വടക്കു–കിഴക്കന്‍ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന പ്രകടനങ്ങളോടെ ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക വൈവിധ്യത്തെയാണ് എടുത്തുകാട്ടിയത്. 700 -ലധികം കലാകാരന്മാര്‍ വേദിയില്‍ തുടര്‍ച്ചയായി വിവിധതരം പരിപാടികള്‍ അവതരിപ്പിച്ചു. സംഘടനകളുടെ സ്റ്റാളുകള്‍, കരകൗശല ശാലകള്‍, ഭക്ഷണശാലകള്‍ എന്നിവയുമെല്ലാം മേളയുടെ ആകർഷണമായി. വൈകിട്ട് വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാര്‍, നയതന്ത്ര പ്രതിനിധികള്‍ എന്നിവരും മേള സന്ദർശിച്ചു.