ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ പാക്കിസ്ഥാൻ വ്യോമതാവളങ്ങൾ ഉൾപ്പടെ തകർത്തതോടെ മറ്റുമാർഗമില്ലാതെ വെടിനിർത്തലിന് ഇന്ത്യയോട് അഭ്യര്‍ഥിക്കുകയായിരുന്നു എന്ന് പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ധർ. ടെലിവിഷൻ ചാനൽ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റാവൽപിണ്ടിയിലെ നൂർ ഖാൻ വിമാനത്താവളത്തിനും പഞ്ചാബ് പ്രവിശ്യയിലെ ഷോർകത്ത് (റാഫിക്വി) വ്യോമതാവളത്തിനും നേർക്കാണ് ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തിയത്. വ്യോമതാവളങ്ങള്‍ക്കു നേരെയുണ്ടായ ഇന്ത്യന്‍ തിരിച്ചടി പാക്കിസ്ഥാന് അപ്രതീക്ഷിതമായിരുന്നു. ഈ ഘട്ടത്തിൽ മധ്യസ്ഥതയ്ക്കായി സഹായംതേടി യുഎസിനേയും സൗദി അറേബ്യയേയും സമീപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ശക്തമായി തിരിച്ചടിച്ച് മുക്കാല്‍ മണിക്കൂര്‍ പിന്നിട്ടതോടെ സൗദി രാജകുമാരന്‍ വിളിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായി സംസാരിക്കട്ടെ, വെടിനിർത്താൻ ഇന്ത്യ തയാറാണെങ്കിൽ പാക്കിസ്ഥാന് സമ്മതമാണോയെന്നും ചോദിച്ചു. സമ്മതമാണെന്നു താൻ മറുപടി നൽകി. ഇക്കാര്യം ജയശങ്കറിനെ അറിയിച്ചതായി പിന്നീട് അദ്ദേഹം തിരിച്ചുവിളിച്ചു പറഞ്ഞു.
26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരേ ഇന്ത്യ ശക്തമായി തിരിച്ചടിച്ചിരുന്നു. നിരവധി ഭീകരവാദികളേയും ഭീകരകേന്ദ്രങ്ങളേയും ഓപ്പറേഷൻ സിന്ദൂർ എന്ന സൈനിക നടപടിയിലൂടെ ഇന്ത്യ തകർത്തിരുന്നു. പിന്നീട് പാക്കിസ്ഥാൻ ഇന്ത്യയെ തിരിച്ചടിക്കാൻ ശ്രമിച്ചുവെങ്കിലും ഇന്ത്യൻ സൈന്യം അത് പരാജയപ്പെടുത്തുകയും ശക്തമായി പാക്കിസ്ഥാനെ ആക്രമിക്കുകയും ആയിരുന്നു. ആ അവസരത്തിൽ ആണ് വെടിനിർത്തലിന് പാക്കിസ്ഥാൻ തയ്യാറായത്. വൈകാതെ ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര തലത്തിലുള്ള ചർച്ചയിലൂടെ വെടിനിർത്തലിന് ധാരണയിലെത്തുകയായിരുന്നു.
ഇന്ത്യന്‍ തിരിച്ചടിയില്‍ നടുങ്ങിയ പാക്കിസ്ഥാന്‍ വെടിനിര്‍ത്തലിനായി സമീപിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൈന്യവും നേരത്തെ തന്നെ വിശദീകരിച്ചിരുന്നു. എന്നാൽ അമേരിക്കൻ പ്രസിഡന്റ് താനാണ് ഇന്ത്യയുടെയും പാക്കിസ്ഥാനെയും വെടി നിർത്തലിനു പ്രേരിപ്പിച്ചത് എന്ന് തുടർച്ചയായി പ്രസ്‌താവനകൾ ഇറക്കികൊണ്ടു ഇരിക്കുന്ന അവസരത്തിൽ ആണ് പാക് ഉപപ്രധാനമന്ത്രിയുടെ ഏറ്റുപറച്ചിൽ.
അടുത്തിടെ റാവൽപിണ്ടി വിമാനത്താവളം ഉൾപ്പെടെ വിവിധ ഇടങ്ങളിൽ ഇന്ത്യ ബ്രഹ്മോസ് മിസൈൽ ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് തന്നെ വെളിപ്പെടുത്തിയിരുന്നു.