കേരളത്തിൽ കനത്ത മഴ തുടരും. അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇരട്ടന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതിന്‌റെ ഭാഗമായാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്. തെക്കന്‍ ഗുജറാത്തിനു മുകളിലെ ചക്രവാതച്ചുഴി ന്യുനമര്‍ദ്ദമായി. വടക്ക് പടിഞ്ഞാറന്‍ ബംഗ്ലാദേശിനും മുകളിലായി മറ്റൊരു ന്യുനമര്‍ദ്ദവും രൂപപ്പെട്ടു. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റും ശക്തമാകുകയാണ്. സംസ്ഥാനത്ത് 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യത. ശക്തമായ തിരമാലക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ കേരളതീരത്ത് ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. ലക്ഷദ്വീപ് – കര്‍ണാടക തീരങ്ങളില്‍ മറ്റന്നാള്‍ വരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലേര്‍ട്ടും, മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും, ആലപ്പുഴ എറണാകുളം ഇടുക്കി തൃശ്ശൂര്‍ പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ് നല്‍കിയിരിക്കുന്നത്.
കനത്ത മഴയെ തുടര്‍ന്ന് കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് (ജൂണ്‍ 18) അവധി പ്രഖ്യാപിച്ചു. കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാ സ്കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് രൂക്ഷമാണ്.
കോഴിക്കോട്ട് കനത്ത മഴ തുടരുന്നു. ജില്ലയില്‍ രണ്ടുപേർ മരിച്ചു. കോഴിക്കോട് താലൂക്കിലെ കല്ലൂട്ടിവയൽ അബ്ബാസിന്റെ മകൻ ഷംസീർ (46), തലക്കുളത്തൂര്‍ വില്ലേജിലെ അന്നശേരി കുളങ്ങരത്തുതാഴം നിഖിലിന്റെ മകള്‍ നക്ഷത്ര (മൂന്ന്) എന്നിവരാണ് മരിച്ചത്. കോഴിക്കോട്, കൊയിലാണ്ടി താലൂക്കുകളിലായി രണ്ട് ദുരിതാശ്വാസ ക്യാംപുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. രണ്ട് കുടുംബങ്ങളില്‍ നിന്നായി 11 പേരാണ് ക്യാംപുകളിൽ കഴിയുന്നത്. ചേവായൂർ വില്ലേജിലെ മൂഴിക്കൽ പാലത്തിനടുത്ത് പാറയിൽ പൊറ്റമ്മലിൽ വെള്ളം കയറിയതിനെ തുടർന്ന് എട്ട് കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി. വടകര താലൂക്കില്‍ 11 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ദേശീയപാത 66-ല്‍ വടകര സര്‍വീസ് റോഡിന് കിഴക്ക് ഭാഗം മൂരാടിന് സമീപം മണ്ണിടിച്ചില്‍ ഉണ്ടായി.