Thursday, October 16, 2025
Mantis Partners Sydney
Home » വേടന്റെ ഫ്ലാറ്റിലും കഞ്ചാവ്; കസ്റ്റഡിയിൽ

വേടന്റെ ഫ്ലാറ്റിലും കഞ്ചാവ്; കസ്റ്റഡിയിൽ

by Editor

കൊച്ചി: റാപ്പർ വേടന്റെ (ഹിരൺ ദാസ് മുരളി) ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി. 7 ​ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. പൊലീസിന്റെ ഡാൻസാഫ് ടീമിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വേടനെ എക്സെെസ് കസ്റ്റഡിയിലെടുത്തു. ലഹരി ഉപയോഗിച്ചെന്ന് വേടൻ സമ്മതിച്ചു, ഫ്ലാറ്റിൽ നിന്ന് 9.5 ലക്ഷം രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. വേടൻ അടക്കം ഒമ്പത് പേരാണ് ഫ്ലാറ്റിൽ ഉണ്ടായിരുന്നത്. പ്രോഗ്രാമിന്റെ ആലോചന എന്ന പേരിലാണ് ഇവർ ഫ്ലാറ്റിൽ ഒത്തുകൂടിയത്. ലഹരി ഉപയോഗിക്കുന്നുണ്ടെന്ന സൂചന ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് രാവിലെ 11 മണിയോടെ ഡാൻസാഫ് സംഘം ഫ്ലാറ്റിലെത്തി പരിശോധന നടത്തിയത്.

തൃശൂർ സ്വദേശിയായ വേടൻ തന്റെ റാപ്പർ ഗാനങ്ങളിലൂടെ സമകാലീന വിഷയങ്ങൾ ഉൾപ്പടെ കൈകാര്യം ചെയ്യുന്ന വ്യക്തിയാണെന്നിരിക്കെ ലഹരിക്കെതിരെയും പ്രചാരണം നടത്തിയിരുന്നു. യുവാക്കൾക്കിടയിലും കുട്ടികൾക്കിടയിലും വലിയ രീതിയിൽ സ്വാധീനം ചെലുത്തിയിട്ടുള്ള വേടൻ “മക്കളെ, ഡ്ര​ഗ്സ് ഉപയോ​ഗിക്കല്ലേടാ..” എന്നുപറഞ്ഞതും ആരാധകർ ഏറ്റെടുത്തിരുന്നു. ലഹരി ഉപയോ​ഗത്തിൽ നിന്ന് കുട്ടികളെ പിന്തിരിപ്പിക്കാൻ വേടൻ വീഡിയോ ചെയ്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയെന്ന വിവരം പുറത്തുവരുന്നത്.

അതിനിടെ വേടന്റെ ഇടുക്കിയിലെ പരിപാടിയും റദ്ദാക്കി. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷ പരിപാടിയിൽ നിന്നാണ് വേടൻ്റെ റാപ്പ് ഷോ ഒഴിവാക്കിയത്. കഞ്ചാവ് കേസിൽ കസ്റ്റഡിയിലെടുത്ത സാഹചര്യത്തിലാണ് തീരുമാനം. NDPS ആക്ട് 20(b)2a പ്രകാരം കേസെടുത്ത് വേടന്റെ അറസ്റ്റ് രേഖപ്പെടുത്തും. സംസ്ഥാനത്ത് എക്സെെസിന്‍റെ ലഹരിവേട്ട തുടരുകയാണ്. കഴിഞ്ഞ ദിവസം കൊച്ചി മറെെൻ ഡ്രെെവിലെ ഫ്ളാറ്റിൽ നിന്നും ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പിടിയിലായിരുന്നു. ഛായാഗ്രഹകന്‍ സമീര്‍ താഹിറിന്റെ ഫ്‌ളാറ്റില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിന്നീട് വിട്ടയച്ചു. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്.

Send your news and Advertisements

You may also like

error: Content is protected !!