തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജിന് ഓസ്‌ട്രേലിയയിലെ ഒരു സംസ്ഥാനമായ വിക്ടോറിയയിലെ പാർലമെൻ്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ക്ഷണം. വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നതിനും പാർലമെന്റിന്റെ ആദരവ് ഏറ്റുവാങ്ങുന്നതിനുമായാണ് ക്ഷണിച്ചിരിക്കുന്നത്. കേരളവും വിക്ടോറിയയുമായിട്ടുള്ള ആരോഗ്യ മേഖലയിലെ സഹകരണത്തിന്റെ അംഗീകാരമായിട്ടാണ് മന്ത്രിയെ ക്ഷണിച്ചിരിക്കുന്നത്.
ജൂൺ 19-ാം തീയതിയിലെ വിക്ടോറിയൻ പാർലമെൻ്റ് സമ്മേളനത്തിലാണ് മന്ത്രി പങ്കെടുക്കുന്നത്. കേരളത്തിലെ ഒരു മന്ത്രിക്കു അപൂർവമായാണ് ഇത്തരമൊരു അവസരം ലഭിക്കുന്നത്. ഈ കാലയളവിൽ കേരളവും വിക്ടോറിയയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന് ഒട്ടേറെ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. സന്ദർശനത്തോടനുബന്ധിച്ച് വിക്ടോറിയയിലെ ആരോഗ്യ മന്ത്രി, വനിത ശിശു ക്ഷേമ മന്ത്രി എന്നിവരുമായി മന്ത്രി വീണാ ജോർജ് ചർച്ച നടത്തും.
കേരളത്തിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകർക്ക് ഓസ്‌ട്രേലിയയിൽ ലഭ്യമായ അവസരങ്ങൾ, പരിശീലന പരിപാടികൾ, ആരോഗ്യ വിദ്യാഭ്യാസത്തിലെ കൈമാറ്റ പരിപാടികൾ എന്നിവ ചർച്ച ചെയ്യും. നിലവിൽ കേരളവും വിക്ടോറിയയും തമ്മിൽ നിലനിൽക്കുന്ന ആരോഗ്യ സഹകരണ സാധ്യതകൾ കൂടുതൽ വികസിപ്പിക്കുന്നത് സംബന്ധിച്ച് നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.