ന്യൂഡൽഹി: വയനാട് മുണ്ടക്കൈ ചൂരൽമല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കേന്ദ്ര സർക്കാർ മതിയായ സാമ്പത്തിക സഹായം നൽകിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട 2219 കോടി രൂപയിൽ കേന്ദ്രം 530 കോടി രൂപ അനുവദിച്ചതായി അദ്ദേഹം വ്യക്തമാക്കി. ഇതിൽ, ദേശീയ ദുരന്ത നിവാരണ നിധിയിൽ (NDRF) നിന്ന് 215 കോടി രൂപയും മന്ത്രിതല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 153 കോടി രൂപയും ഉൾപ്പെടുന്നു. ദുരന്തബാധിത മേഖലകളിൽ അവശിഷ്ടങ്ങൾ നീക്കുന്നതിനായി അനുവദിച്ച 36 കോടി രൂപ ചെലവഴിക്കപ്പെടാതിരുന്നുവെന്നും അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു.
കേരളത്തിന് വേണ്ടിയുള്ള സഹായം നിശ്ചിത മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കുമെന്നും നൽകുക. ഇനിയും സഹായം നൽകുന്നത് പരിഗണിക്കും. ദുരന്തങ്ങളിൽ രാഷ്ട്രീയം നോക്കുന്ന സർക്കാരല്ല കേന്ദ്രം ഭരിക്കുന്നത്. കൊവിഡ് കാലത്ത് രാഷ്ട്രീയം നോക്കിയല്ല സഹായം നൽകിയത്. കേന്ദ്രം അവഗണിക്കുന്നു എന്ന വിമർശനം ശരിയല്ലെന്നും അമിത് ഷാ ദുരന്ത നിവാരണ ഭേദഗതി ബില്ലിനെ കുറിച്ചുള്ള ചർച്ചകളുടെ ഇടയിൽ രാജ്യസഭയിൽ പറഞ്ഞു.