കോട്ടയം പനമ്പാലത്ത് ലോൺ അടവ് മുടങ്ങിയതിന്റെ പേരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ ഗൃഹനാഥനെ മർദ്ദിച്ചു. ഹൃദയരോഗിയായ സുരേഷ് തന്റെ വീട്ടിൽ സിറ്റൗട്ടിലിരിക്കെ ബെൽസ്റ്റാർ ഫിനാൻസിലെ ജീവനക്കാരൻ ജാക്സൺ എത്തി പണം അടയ്ക്കാൻ ആവശ്യപ്പെട്ടു. നിലവിൽ കയ്യിൽ പണമില്ലെന്നും സാവകാശം വേണമെന്നും സുരേഷ് ആവശ്യപ്പെട്ടതോടെ ജാക്സൺ അസഭ്യവാക്കുകൾ പറയുകയും വീട്ടിലുണ്ടായിരുന്ന പ്ലാസ്റ്റർ ഓഫ് പാരിസ് പ്രതിമ ഉപയോഗിച്ച് തലക്കും ചെവിക്കും പരിക്കേൽപ്പിക്കുകയും ചെയ്തു.
ബഹളം കേട്ടെത്തിയ നാട്ടുകാർ പ്രതിയെ പിടികൂടി ഗാന്ധിനഗർ പൊലീസിന് കൈമാറി. 35,000 രൂപ വായ്പയായി എടുത്തിരുന്ന സുരേഷ് പതിവായി അടച്ചു വരികയായിരുന്നു, എന്നാൽ ആരോഗ്യപ്രശ്നങ്ങൾ മൂലം തുക തിരിച്ചടക്കുന്നതിൽ കാലതാമസമുണ്ടായി. ഇനി അടക്കാനുള്ളത് 10,000 രൂപയ്ക്ക് താഴെയാണെന്നാണ് റിപ്പോർട്ട്. അതിക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ സുരേഷ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പൊലീസ് പ്രതിയെ ചോദ്യം ചെയ്ത് കൂടുതൽ അന്വേഷണം ആരംഭിച്ചു.