അമേരിക്കയിലെ ലൊസാഞ്ചലസിൽ അനധികൃത കുടിയേറ്റക്കാരുടെ പ്രക്ഷോഭം തടയാൻ സൈന്യത്തെ വിന്യസിച്ച് ഡോണൾഡ് ട്രംപ് ഭരണകൂടം. 700 യു.എസ്. മറീനുകളെ കൂടി താൽക്കാലികമായി വിന്യസിക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം മുന്നൂറോളം വരുന്ന നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ വിന്യസിച്ചതിന് പുറമേയാണിത്. പ്രതിഷേധം തുടര്‍ന്നാല്‍ കൂടുതൽ നാഷണല്‍ ഗാര്‍ഡുകളെ അയയ്ക്കുമെന്നാണ് ട്രംപ് പറയുന്നത്. മറീനുകളെയും മറ്റ് സൈനികരെയും താന്‍ വിന്യസിച്ചതുകൊണ്ടുമാത്രമാണ് ലോസ് ആഞ്ജലീസ് നഗരം കത്തിയമരാതിരുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
നാഷണല്‍ ഗാര്‍ഡിനെ ഇറക്കിയ ട്രംപിന്റെ നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. നാഷണല്‍ ഗാര്‍ഡുകളെ ഇറക്കി കലാപം ആളിക്കത്തിക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ ശ്രമം എന്നായിരുന്നു കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം പറഞ്ഞത്. പ്രാദേശിക പൊലീസിന് കൈകാര്യം ചെയ്യുന്ന പ്രശ്‌നങ്ങള്‍ മാത്രമേ നഗത്തിലുള്ളൂ എന്നും ഗവര്‍ണര്‍ പറഞ്ഞു. ട്രംപ് ഭരണകൂടത്തിനെതിരെ ഗവര്‍ണര്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. നാഷണൽ ഗാർഡ് സൈനികരെ വിന്യസിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം കുറ്റപ്പെടുത്തി. 1965-ന് ശേഷം ഇതാദ്യമായാണ് സംസ്ഥാന ഗവര്‍ണറുടെ അഭ്യര്‍ത്ഥനയില്ലാതെ പ്രസിഡന്റ് നാഷണല്‍ ഗാര്‍ഡിനെ വിന്യസിക്കുന്നത്.
അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാനുള്ള ഫെഡറല്‍ ഏജന്‍സികളുടെ നീക്കത്തിനെതിരെയാണ് ലോസ് ആഞ്ചലസിൽ പ്രതിഷേധം പുകയുന്നത്. ശനിയാഴ്ച ലോസ് ആഞ്ചലസിലെ പാരമൗണ്ടില്‍ സംഘടിപ്പിച്ച കുടിയേറ്റക്കാരുടെ പ്രതിഷേധമായിരുന്നു സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. ട്രംപ് നാഷണല്‍ ഗാര്‍ഡിനെ ഇറക്കിയതോടെ പ്രതിഷേധം കനക്കുകയായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളില്‍ ഒന്നായ ലോസ് ആഞ്ചലസിൽ ആകെ ജനസംഖ്യയുടെ മൂന്നില്‍ ഒന്നും കുടിയേറ്റക്കാരാണെന്നാണ് കരുതുന്നത്.
കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോമിനും ലോസ് ആഞ്ജലീസിലെ മേയര്‍ കാരെന്‍ ബാസിനും അവരുടെ ജോലികള്‍ ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ അത് ഫെഡറല്‍ ഗവണ്‍മെന്റ് ചെയ്യാമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. കഴിഞ്ഞ മാസം 239 അനധികൃത കുടിയേറ്റക്കാരെ നഗരത്തില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവരുടെ എണ്ണം കുറഞ്ഞുപോയെന്ന ട്രംപിന്റെ വിലയിരുത്തലിനെ തുടര്‍ന്നാണ് ഐസിഇ നടപടികള്‍ കര്‍ശനമാക്കിയത്. ഒരു ദിവസം ചുരുങ്ങിയത് 3000 പേരെയെങ്കിലും അറസ്റ്റ് ചെയ്യണമെന്നാണ് സര്‍ക്കാര്‍ ഐസിഇക്ക് നല്‍കിയിരിക്കുന്ന ടാര്‍ഗറ്റ്. ഇതിനായി നഗരപ്രദേശങ്ങളില്‍ നിരന്തരം റെയ്ഡുകള്‍ നടത്തിയതാണ് കലാപത്തിന് തിരികൊളുത്തിയത്.