തിരുവനന്തപുരം: കേരപദ്ധതിക്ക് ലോകബാങ്ക് അനുവദിച്ച 139.65 കോടി രൂപ, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വകമാറ്റി സംസ്ഥാന സർക്കാർ. ലോക ബാങ്കിൽ നിന്ന് കേന്ദ്ര സർക്കാർ വായ്പയായി എടുത്ത പണമാണിത്. പിന്നീട് ഈ പണം ഗഡുക്കളായി കേര പദ്ധതിക്കായി സംസ്ഥാന സർക്കാരിന് നൽകുകയായിരുന്നു. ഇതിൽ നിന്ന് ലഭിച്ച 139.65 കോടി രൂപ ഇതുവരെ സംസ്ഥാന സർക്കാർ കൃഷിവകുപ്പിന് കൈമാറിയിട്ടില്ല.
4 ലക്ഷം കർഷകർക്ക് നേരിട്ടും 10 ലക്ഷത്തിന് പരോക്ഷമായും പ്രയോജനം ലഭിക്കുന്ന കേര പദ്ധതിക്ക് കഴിഞ്ഞ ഒക്ടോബർ 31നാണ് ലോകബാങ്ക് അംഗീകാരം നൽകിയത്. പിന്നാലെ തുക ട്രഷറി അക്കൗണ്ടിലെത്തി. പണം ഉടൻ പദ്ധതിയുടെ അക്കൗണ്ടിലേക്കു മാറ്റണമെന്നറിയിച്ച് കഴിഞ്ഞ മാർച്ച് 17-ന് കേന്ദ്ര ധനകാര്യ മന്ത്രാലയം കേരളത്തിനു കത്തയച്ചെങ്കിലും നടപടിയുണ്ടായില്ല. കഴിഞ്ഞ ഫെബ്രുവരി 3-നാണ് പദ്ധതി പ്രവർത്തനം തുടങ്ങേണ്ടിയിരുന്നത്.
ഇത് സംബന്ധിച്ച് പരിശോധനയ്ക്ക് ലോക ബാങ്ക് സംഘം കേരളത്തിലെത്തും. മെയ് അഞ്ചിനാണ് ലോകബാങ്ക് പ്രതിനിധികൾ സംസ്ഥാനത്ത് എത്തുക. എന്നാൽ, പദ്ധതി തയാറെടുപ്പിനായി ഇതുവരെ 6.5 കോടി രൂപ ചെലവഴിച്ചെന്നും ബാക്കി തുക അക്കൗണ്ടിലേക്കു മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും കൃഷിവകുപ്പ് അറിയിച്ചു.