റിസർച്ച് സയൻ്റിസ്റ്റായ ലെക്സ് ഫ്രിഡ്മാൻ അവതരിപ്പിക്കുന്ന പോഡ്കാസ്റ്റ് ആണ് ലെക്സ് ഫ്രിഡ്മാൻ പോഡ്കാസ്റ്റ്. ലോകനേതാക്കൾ, ചിന്തകർ തുടങ്ങി വിവിധ മേഖലയിലുള്ളവർ പോഡ്കാസ്റ്റിൽ വരാറുണ്ട്. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ച്ജമിൻ നെതന്യാഹു, സ്പേസ്എക്സ് സ്ഥാപകൻ ഇലോൺ മസ്ക്, മെറ്റ മേഥാവി മാർക്ക് സക്കർബർഗ്, ചെസ് താരം മാഗ്നസ് കാൾസൺ തുടങ്ങിയവരൊക്കെ ലെക്സ് ഫ്രിഡ്മാൻ പോഡ്കാസ്റ്റിൽ എത്തിയിട്ടുണ്ട്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ള ലെക്സ് ഫ്രിഡ്മാൻ പോഡ്കാസ്റ്റിൽ. ഞായറാഴ്ചയാണ് പോഡ്കാസ്റ്റ് റിലീസായത്. മൂന്ന് മണിക്കൂർ നീണ്ട സുദീർഘ സംഭാഷണം! മോദിയുടെ വ്യക്തിജീവിതം മുതൽ പ്രധാനമന്ത്രി പദം വരെയുള്ള സംഭവങ്ങൾ ഒന്നിന് പിന്നാലെ ഒന്നായി പോഡ്കാസ്റ്റിലിടം നേടി.
“നമ്മൾ സമാധാനത്തെപ്പറ്റി പറയുമ്പോൾ, ലോകം അത് കേൾക്കും. കാരണം ഗൗതമ ബുദ്ധൻ്റെയും മഹാത്മാ ഗാന്ധിയുടെയും നാടാണ് ഇന്ത്യ. ഞാൻ ലോകനേതാക്കളുമായി ഹസ്തദാനം നടത്തുമ്പോൾ അത് മോദിയല്ല, ഇന്ത്യക്കാരെല്ലാമാണ് അത് ചെയ്യുന്നത്. എൻ്റെ ശക്തി എൻ്റെ പേരിലല്ല, എല്ലാ ഇന്ത്യക്കാരിലും രാജ്യത്തിൻ്റെ സംസ്കാരത്തിലും പാരമ്പര്യത്തിലുമാണ്. വിമർശനങ്ങളെ ഞാൻ സ്വാഗതം ചെയ്യുന്നു. അതാണ് ജനാധിപത്യത്തിൻ്റെ ആത്മാവെന്ന ശക്തമായ വിശ്വാസം എനിക്കുണ്ട്.”– മോദി പറഞ്ഞു.
“ജീവിതത്തിൻ്റെ രസങ്ങളും മൂല്യങ്ങളും എനിക്ക് പഠിക്കാനായത് ആർഎസ്എസ് പോലുള്ള സംഘടനകളിൽ നിന്നാണെന്നതിൽ ഞാൻ ഭാഗ്യവാനാണ്. അതുകൊണ്ട് എൻ്റെ ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടായി. എനിക്ക് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. രാജ്യത്തിന് എന്നെക്കൊണ്ട് പ്രയോജനമുണ്ടാവുക. അതാണ് സംഘം എന്നെ പഠിപ്പിച്ചത്. ഈ വർഷം ആർഎസ്എസ് 100 വർഷങ്ങൾ തികയ്ക്കുകയാണ്. ആർഎസ്എസിനെക്കാൾ വലിയ സ്വയംസേവി സംഘ് ഈ ലോകത്തില്ല. അവരെ മനസിലാക്കുന്നത് എളുപ്പമല്ല. രാജ്യമാണ് എല്ലാം എന്നും സാമൂഹ്യസേവനം ദൈവത്തോടുള്ള സേവനമാണ് എന്നുമാണ് ആർഎസ്എസ് പഠിപ്പിക്കുന്നത്.”- പ്രധാനമന്ത്രി പറഞ്ഞു.