കൊച്ചി:’ ലഹരി ഉപയോഗിക്കില്ല‘ എന്ന് സിനിമ പ്രവർത്തകരിൽ നിന്നും സത്യവാങ്മൂലം എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയിൽ തീരുമാനം. സിനിമ ചിത്രീകരണ സമയത്തോ അതുമായി ബന്ധപ്പെട്ട് താമസിക്കുന്ന സ്ഥലങ്ങളിലോ ലഹരി ഉപയോഗിക്കില്ല എന്നാണ് എഴുതി നൽകേണ്ടത്. അഭിനോതാക്കളും അണിയറ പ്രവർത്തകരുമുൾപ്പെടെ സിനിമയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഇത് ബാധകമായിരിക്കും. ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ പുതിയ തീരുമാനം നടപ്പിലാക്കുമെന്നാണ് വിവരം.
മലയാള സിനിമാ മേഖലയിൽ പ്രവർത്തിക്കണമെങ്കിൽ ഇനി മുതൽ സിനിമാ ചിത്രീകരണം നടക്കുമ്പോൾ ലഹരി ഉപയോഗിക്കില്ല എന്ന് സത്യവാങ്മൂലം നൽകേണ്ടിവരും. വേതന കരാറിനൊപ്പം സത്യവാങ്മൂലവും നിർബന്ധമാക്കാനാണ് നിർമാതാക്കളുടെ സംഘടനയുടെ തീരുമാനം. സിനിമ സെറ്റുകളിലെയും ചലച്ചിത്ര പ്രവർത്തകരുടയും ലഹരി ഉപയോഗം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. പിന്നാലെയണ് ലഹരി ഉപയോഗത്തിന് തടയിടാനുള്ള സംഘടനയുടെ നീക്കം. അടുത്ത അമ്മ ജനറൽ ബോഡി യോഗത്തിൽ വിഷയം ചർച്ച ചെയ്‌തു മറ്റ് സിനിമ സംഘടനകളുടെയും അഭിപ്രായം തേടും.