ജറുസലം: ലബനനിന്റെ തെക്കൻ മേഖലയിൽ ഇസ്രയേലിന്റെ കനത്ത വ്യോമ ആക്രമണം. 7 പേര് മരിച്ചു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ നിർദേശപ്രകാരമാണു ലബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യംവച്ച് ഇസ്രയേൽ ആക്രമണം നടത്തിയത്. ഹിസ്ബുല്ലയുടെ ഒരു കമാൻഡ് സെന്ററും ഒരു ഡസനിലധികം പോസ്റ്റുകളും ആക്രമിക്കപ്പെട്ടു. അതിർത്തിക്കപ്പുറം ലബനീസ് മേഖലയിൽനിന്നു റോക്കറ്റാക്രമണം നടത്തിയതിനുള്ള പ്രത്യാക്രമണമാണിതെന്ന് ഇസ്രയേൽ അറിയിച്ചു.
ഒരു വർഷത്തിലധികം നീണ്ട സംഘർഷത്തിനു ശേഷം ഇസ്രയേലും ലബനനിലെ സായുധസംഘടനയായ ഹിസ്ബുല്ലയും കഴിഞ്ഞ നവംബറിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. റോക്കറ്റ് ആക്രമണത്തിൽ പങ്കില്ലെന്നു ഹിസ്ബുല്ല വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഗാസയില്‍ തുടരുന്ന ഇസ്രയേൽ കടന്നാക്രമണത്തില്‍ 48 മണിക്കൂറിനിടെ 130 പേർ കൂടി കൊല്ലപ്പെട്ടു. അഞ്ചു ദിവസമായി തുടരുന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 650 കടന്നു. ഖാൻ യൂനിസിൽ ഇസ്രായേൽ ആക്രമണത്തിൽ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗം സലാഹ് അൽ-ബർദാവിൽ ഭാര്യയോടൊപ്പം കൊല്ലപ്പെട്ടതായി ഖുദ്‌സ് ന്യൂസ് നെറ്റ്‌വർക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
യമനിൽ അമേരിക്ക ആക്രമണം തുടരുകയാണ്. യമനിലെ അസ്-സാലിഫ് തുറമുഖത്ത് യുഎസ് ഇന്നലെ ബോംബ് ആക്രമണം നടത്തി. യമനിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 32 പേരാണ് യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇസ്രായേലും യുഎസുമായി ബന്ധപ്പെട്ട കപ്പലുകൾക്ക് നേരെ ഹൂത്തികൾ ആക്രമണം നടത്തുന്നതിന് എതിരെയാണ് യുഎസ് ആക്രമണം.