ഇസ്ലാമബാദ്: യുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്ന് പാക്കിസ്ഥാൻ റെയിൽവേ മന്ത്രി ഹനീഫ് അബ്ബാസി. റെയിൽവേ സ്റ്റേഷനുകളുടെ നിയന്ത്രണം സൈന്യത്തിന് വിട്ടുനൽകി. സൈനിക ടാങ്കുകളുടെയും മറ്റും നീക്കത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായെന്നും പാക് റെയിൽവേ മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങൾ ഇന്ത്യക്കു അനുകൂലമായി പ്രതികരിക്കുമ്പോൾ പാക്കിസ്ഥാൻ പ്രതിരോധത്തിൽ ആകുകയാണ്. പാക്കിസ്ഥാന് എതിരെ ഇന്ത്യ തെളിവുകൾ നിരത്തുമ്പോൾ ജാള്യത മറക്കാൻ പാക്കിസ്ഥാന്റെ പല ഭാഗത്തുനിന്നും യുദ്ധത്തിനുള്ള മുറവിളിയും ഭീഷണിയും ഉയരുകയാണ്. ചർച്ചക്ക് തയ്യാറാണ് എന്ന് പറഞ്ഞെങ്കിലും രാജ്യത്തിന്റെ പരമാധികാരവും സമഗ്രതയും സംരക്ഷിക്കാൻ പാക്കിസ്ഥാൻ സൈന്യം പൂർണമായും പ്രാപ്തരാണെന്ന് പറഞ്ഞ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് കശ്മീരി ജനതയുടെ സ്വയം നിർണ്ണയാവകാശത്തെ പിന്തുണയ്ക്കുന്നത് പാക്കിസ്ഥാൻ തുടരുമെന്നും പറഞ്ഞു.
ഭീകരരെ സഹായിക്കാറുണ്ടെന്ന് വെളിപ്പെടുത്തി പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് രംഗത്തു വന്നതിനെ ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായവും പരിശീലനവും നല്‍കുന്നുണ്ട് എന്ന് മന്ത്രി പ്രതികരിച്ചിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി യുഎസും ബ്രിട്ടനും ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്ക് വേണ്ടിയാണ് തങ്ങള്‍ ഭീകരര്‍ക്ക് സഹായം ചെയ്തതെന്ന് ആസിഫ് ന്യായീകരിച്ചു. എന്നാല്‍ അതൊരു വലിയ തെറ്റായിരുന്നു. പാക്കിസ്ഥാന് ഇപ്പോള്‍ അതിന്റെ പരിണിതഫലങ്ങള്‍ നേരിടുകയാണ്. സോവിയറ്റ് യൂണിയനെതിരായ യുദ്ധത്തിലും പിന്നീട് 2001 സെപ്റ്റംബര്‍ 11-ല്‍ യുഎസില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷമുണ്ടായ യുദ്ധത്തിലും യുഎസിനൊപ്പം പങ്കുചേര്‍ന്നിരുന്നില്ലായിരുന്നുവെങ്കില്‍ പാക്കിസ്ഥാന് മികച്ച പ്രതിച്ഛായ ഉണ്ടാകുമായിരുന്നെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. പാക് പിന്തുണയോടെയാണ് ഭീകരര്‍ ആക്രമണം നടത്തുന്നതെന്ന് ഇന്ത്യ നിരന്തരം ആരോപിക്കുന്നതിനിടെയാണ് പാക് മന്ത്രിയുടെ വെളിപ്പെടുത്തല്‍.
അതേസമയം തീവ്രവാദികൾക്ക് എതിരെയും പാക്കിസ്ഥാന് എതിരെയും നടപടികളുമായി ഇന്ത്യ മുൻപോട്ടു പോവുകയാണ്. പഹൽഗാം ഭീകരാക്രമണവുമായി ബന്ധമുള്ളതായി കണ്ടെത്തിയ ഭീകരരുടെ വീടുകൾ എല്ലാം സുരക്ഷ സേന തകർക്കുകയാണ്. പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത തദ്ദേശീയരായ ഭീകരര്‍ക്കെതിരേ കടുത്ത പ്രതിഷേധം സമീപവാസികളില്‍ നിന്നുണ്ടായിരുന്നു. ഇതിനു പിന്നാലെയായിരുന്നു പ്രാദേശിക ഭരണകൂടത്തിന്റെ നീക്കം.
പാക് ജി.ഡി.പിയുടെ വലിയൊരു പങ്കും കാര്‍ഷികരംഗത്തിന്റെ സംഭാവനയാണ്. സിന്ധുനദീ ജലകരാര്‍ ഇന്ത്യ റദ്ദാക്കിയതോടെ പാക്കിസ്ഥാന്റെ കാര്‍ഷികമേഖലയുടെ അവസ്ഥ കൂടുതൽ മോശമാകും. നദീജലത്തിന്റെ ലഭ്യത ഇന്ത്യ കുറച്ചാല്‍ പാക്കിസ്ഥാനിലെ കൃഷിയിടങ്ങള്‍ തളരും. അത് വലിയൊരു തകര്‍ച്ചയിലേക്കാകും പാക്കിസ്ഥാനെ നയിക്കുക.അതുകൊണ്ടാണ് ആണവ ഭീഷണി അടക്കമുയര്‍ത്തി ഇന്ത്യയെ ഭയപ്പെടുത്താനുള്ള പാക്കിസ്ഥാന് ശ്രമം. ഇന്ത്യയ്ക്ക് പുറമേ അഫ്ഗാനിസ്ഥാനും ഇറാനും പാകിസ്ഥാനുമായി നല്ല ബന്ധത്തിലല്ല. ബലൂചിസ്ഥാന്‍ പ്രശ്നവും പുകയുന്നുണ്ട്. ഇതെല്ലാം പാക്കിസ്ഥാനെ വിറളി പിടിപ്പിക്കുന്നുമുണ്ട്. സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതിന് പിന്നാലെ, നദിയുടെ പാകിസ്ഥാനിലേക്കുള്ള ഒഴുക്ക് തടയാന്‍ നിരവധി ആശയങ്ങളും പദ്ധതികളുമുണ്ടെന്ന് ഇന്ത്യ വിശദീകരിച്ചു കഴിഞ്ഞു. ഇത് പാക്കിസ്ഥാനെ വലിയ സമ്മര്‍ദ്ദത്തിലാക്കുന്നു.
സാമ്പത്തികമായും രാഷ്ട്രീയപരമായും ദുര്‍ബലമായ പാകിസ്ഥാന്, ഇന്ത്യയുമായി ഒരു സൈനിക സംഘര്‍ഷത്തിന് മുതിരുന്നത് അവരുടെ സ്ഥിതി കൂടുതല്‍ അപകടത്തിലാക്കും എന്നത് തീര്‍ച്ചയാണ്. ഇന്ത്യയുടെ ശക്തമായ സൈനിക ശേഷിയും, വളരുന്ന സാമ്പത്തിക ശക്തിയും പാകിസ്ഥാന് ഒരു വലിയ ഭീഷണിയാണ്. നിലവിലെ സാഹചര്യത്തില്‍ ഒരു യുദ്ധം പാകിസ്ഥാന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയേയുള്ളൂ.