തിരുവനന്തപുരം: സംസ്ഥാനത്ത് റമദാനും വിഷുവും അടുക്കുമ്പോൾ വിപണിയിലെ വിലക്കയറ്റം ഒഴിവാക്കുന്നതിനായി സര്‍ക്കാര്‍ നടപടിയെടുക്കുന്നു. സംസ്ഥാന സിവില്‍ സപ്ലൈസ് കോർപ്പറേഷനു 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ അറിയിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലകൂടുന്നത് നിയന്ത്രിക്കാന്‍ ഈ തുക സഹായകരമാവുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ സാമ്പത്തിക വര്‍ഷം ഇതുവരെ സപ്ലൈകോയ്ക്ക് 489 കോടി രൂപ വിപണി ഇടപെടല്‍ സഹായമായി നല്‍കിയതായും ധനകാര്യ വകുപ്പ് അറിയിച്ചു. സപ്ലൈകോയ്ക്കായി ബജറ്റില്‍ 205 കോടി രൂപ ഉണ്ടെങ്കിലും അധികമായി 284 കോടി രൂപയും അനുവദിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലും ബജറ്റിന് പുറമേ അധിക തുക അനുവദിച്ചിരുന്നു. ബജറ്റില്‍ 205 കോടി രൂപ നിശ്ചയിച്ചിരുന്നെങ്കിലും, ആകെ 391 കോടി രൂപ അനുവദിച്ചുവെന്ന് സർക്കാർ അറിയിച്ചു.