164
ടോക്കിയോ: തെക്കുപടിഞ്ഞാറൻ ജപ്പാനിലെ നാഗസാക്കിയിലേക്കുള്ള സുഷിമ ദ്വീപിൽ നിന്ന് ഫുകുവോക്കയിലെ ആശുപത്രിയിലേക്ക് യാത്രചെയ്ത എയർ ആംബുലൻസാണ് കടലിൽ തകർന്ന് വീണത്. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന രോഗിയും (86) രോഗിയുടെ കുടുംബാംഗവും (68) ഡോക്ടറും (34) ഉൾപ്പെടെ 3 പേരുടെ ജീവൻ നഷ്ടപ്പെട്ടു. ജപ്പാൻ തീരസംരക്ഷണ സേനയാണ് ഈ വിവരം പുറത്ത് വിട്ടത്. ആശയവിനിമയം താളം തെറ്റിയതിന് പിന്നാലെ ഏതാനും മണിക്കൂറുകൾക്കകം ഹെലികോപ്റ്റർ കടലിൽ തകരുകയായിരുന്നു.
പൈലറ്റിനെയും മെക്കാനിക്കിനെയും നഴ്സിനെയും തീരസംരക്ഷണ സേന രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ച് ദേശീയ സമുദ്ര സുരക്ഷാ സമിതി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അപകട കാരണം ഇനിയും വ്യക്തമായിട്ടില്ല.