അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനദുരന്തത്തിൽ 241 പേർ മരിച്ചെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്ന് ആണ് വിവരം. ഗുജറാത്തിലെ അഹമ്മദാബാദ് സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ 171 വിമാനം പറന്നുയർന്ന ഉടൻ തകർന്നു വീഴുകയായിരുന്നു. ബോയിങ് 787-8 ഡ്രീംലൈനർ വിഭാഗത്തിൽ പെട്ട വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരുമായി 242 യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാരിൽ ആകെ 61 വിദേശ പൗരന്മാരുണ്ടായിരുന്നെന്നാണ് വിവരം, 53 യുകെ പൗരന്മാരും ഒരു കനേഡിയൻ പൗരനും 7 പോർച്ചുഗീസുകാരും യാത്രക്കാരിലുൾപ്പെടുന്നു. വിമാനയാത്രക്കാരിൽ ഒരു മലയാളിയും മരണമടഞ്ഞിട്ടുണ്ട്.
വിമാനദുരന്തത്തിൽ മലയാളി രഞ്ജിത ഗോപകുമാരൻ നായർ മരിച്ചതായി സ്ഥിരീകരിച്ചു. പത്തനംതിട്ട തിരുവല്ല പുല്ലാട്ട് സ്വദേശിയാണ്. ലണ്ടനിൽ ജോലി ചെയ്യുന്ന രഞ്ജിത, നാട്ടിൽ സർക്കാർ ജോലി ലഭിച്ചപ്പോൾ ഇതിൽ പ്രവേശിക്കാനായി എത്തിയതായിരുന്നു. സർക്കാർ ജോലിയിൽ നിന്ന് അവധിയെടുത്ത ശേഷം ലണ്ടനിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ലണ്ടനിലെ ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കായി ഇന്നലെയാണ് രഞ്ജിത വീട്ടിൽ നിന്നും പോയത്. ഇന്നലെ തിരുവല്ലയിൽ നിന്ന് രഞ്ജിത ചെന്നൈയ്ക്ക് ട്രെയിനിൽ പോയി. അവിടെ നിന്ന് അഹമ്മദാബാദിലേക്ക് വിമാനത്തിൽ പോയി. അവിടെ നിന്ന് അപകടത്തിൽപെട്ട വിമാനത്തിൽ ലണ്ടനിലേക്ക് പോകാനാണ് നിശ്ചയിച്ചിരുന്നത്. അമ്മയും പത്തിലും ഏഴിലും പഠിക്കുന്ന രണ്ട് മക്കളുമാണ് വീട്ടിലുള്ളത്.
അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ഉണ്ടായിരുന്നു. ലണ്ടനിലേക്ക് ഭാര്യയ്‌ക്കൊപ്പമായിരുന്നു വിജയ് രൂപാണിയുടെ യാത്ര. പുറത്തുവന്ന യാത്രക്കാരുടെ ചാർട്ടിൽ പന്ത്രണ്ടാമനായി വിജയ് രൂപാണിയുടെ പേരുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.
സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിനു സമീപമുള്ള മേഘാനി പ്രദേശത്തേക്കാണു വിമാനം തകർന്നു വീണത്. ഇവിടെ ഡോക്‌ടർമാർ താമസിക്കുന്ന ഹോസ്‌റ്റൽ കെട്ടിടത്തിനു മുകളിലേക്കാണു വിമാനം പതിച്ചതെന്നാണു സൂചന. ഹോസ്‌റ്റലിൽ ഡോക്‌ടർമാർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അപകടം. ഹോസ്റ്റലിൽ ഉണ്ടായിരുന്ന മെഡിക്കൽ വിദ്യാർത്ഥികൾക്ക് പരുക്കേറ്റിട്ടുണ്ട് എന്നാണ് വിവരം.
ഉച്ചയ്ക്ക് 1.39 നായിരുന്നു വിമാനം അഹമദാബാദിൽനിന്ന് ടേക്ക് ഓഫ് ചെയ്തത്. വിമാനം ടെയ്ക്ക് ഓഫ് ചെയ്ത ഉടൻ പൈലറ്റ് ‘മെയ് ഡേ’ അപായ സിഗ്നൽ എയർ ട്രാഫ്ക് കൺട്രോളിന് കൈമാറിയതായാണ് വിവരം. പിന്നീട് വിമാനവുമായി ആശയവിനിമയം നഷ്ടപ്പെട്ടതായും എടിസി അറിയിച്ചു.
കണ്‍ട്രോൾ റൂം തുറന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം
വിമാനാപകടത്തിന്‍റെ പശ്ചാത്തലത്തിൽ കണ്‍ട്രോൾ റൂം തുറന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം. വിവരങ്ങൾ അറിയാനായി 011-24610843 | 9650391859 എന്നീ നമ്പറുകളിലേക്ക് ബന്ധപ്പെടാം.