ന്യൂഡൽഹി: രാജ്യത്ത് ജാതി സെൻസസ് നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. അടുത്ത പൊതു സെൻസസിനൊപ്പം ജാതി സെൻസസും നടത്താനാണ് തീരുമാനം. കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സംസ്ഥാനങ്ങൾ നടത്തിയതു ജാതി സർവേയാണെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. ജാതി സെൻസസ് നടത്താനുള്ള ഭരണഘടനാപരമായ അധികാരം കേന്ദ്ര സർക്കാരിനാണെന്നും അശ്വനി വൈഷ്ണവ് വ്യക്തമാക്കി.
കോൺഗ്രസും പ്രതിപക്ഷവും രാജ്യത്ത് ജാതി സെൻസസ് നടത്തണമെന്ന് ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്നു. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണു കേന്ദ്ര സർക്കാരിന്റെ നിർണായക പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. ജാതി സെൻസസ് പ്രത്യേകമായി നടത്തില്ലെന്നും സെൻസസിനൊപ്പം പൗരന്മാരുടെ ജാതി തിരിച്ചുള്ള കണക്കെടുക്കുമെന്നുമാണ് വിവരം. അതേസമയം സംസ്ഥാനങ്ങൾ നടത്തിയത് ജാതി തിരിച്ചുള്ള സർവേയാണെന്നും ജാതി സെൻസസല്ലെന്നും ഇതു രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടിയായിരുന്നുവെന്നും അശ്വിനി വൈഷ്ണവ് പ്രതികരിച്ചു. എൻഡിഎ ഭരിക്കുന്ന ബിഹാർ ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ ജാതി സർവേയുടെ കണക്കുകള്‍ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.