കീവ്: ആയിരം ദിവസങ്ങൾ പിന്നിട്ട റഷ്യ യുക്രൈൻ യുദ്ധത്തിൽ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ച് റഷ്യ. യുക്രൈനിലെ നിപ്രോയിലെ കെട്ടിടങ്ങൾക്കു നേരെയാണ് റഷ്യ മിസൈൽ ആക്രമണം നടത്തിയത്. ആണവപോർമുന വഹിക്കാൻ ശേഷിയുള്ള ഈ മിസൈൽ (ICBM) ആദ്യമായാണ് യുദ്ധത്തിൽ ഉപയോഗിക്കുന്നത്. എന്നാൽ, റഷ്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. യുക്രെയ്ൻ റഷ്യയിലേക്കു യുഎസ്, ബ്രിട്ടിഷ് മിസൈലുകൾ തൊടുത്തിരുന്നു. 2011-ൽ പരിഷ്കരിച്ച ‘റുബേസ്’ മിസൈലാണ് പ്രയോഗിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിപ്രോയിൽനിന്ന് 1000 കിലോമീറ്റർ അകലെ റഷ്യയിലെ അസ്ട്രാക്കൻ മേഖലയിൽനിന്നാണ് മിസൈൽ തൊടുത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. 5,800 കിലോമീറ്റർ ദൂരപരിധിയിലേക്ക് ആക്രമിക്കാവുന്ന ഭൂഖണ്ഡാന്തര മിസൈലാണ് റഷ്യ ഉപയോഗിച്ചത്. ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ എന്ന ICBM ആദ്യമായാണ് യുക്രെയ്ൻ നഗരത്തിൽ വന്നുപതിക്കുന്നതെന്ന് കീവിലെ വ്യോമസേന അറിയിച്ചു.
പാശ്ചാത്യ രാജ്യങ്ങളും അമേരിക്കയും യുക്രൈനെ സഹായിച്ചാൽ ആണവായുധം പ്രയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ആണവായുധം വഹിക്കാവുന്ന മിസൈൽ തൊടുത്തത്. നിലവിൽ സാധാരണ ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കൾ തന്നെയാണ് റഷ്യ പ്രയോഗിച്ചതെങ്കിലും മുന്നറിയിപ്പെന്ന രീതിയിലാണ് റഷ്യയുടെ നീക്കമെന്നും വിലയിരുത്തുന്നു. റഷ്യയുടെ അണ്വായുധ നയങ്ങളിൽ മാറ്റം വരുത്തിക്കൊണ്ടുള്ള നിയമത്തിൽ കഴിഞ്ഞ ദിവസമാണ് പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ ഒപ്പുവെച്ചത്. യുക്രെയ്നെതിരെ അണ്വായുധം പ്രയോഗിക്കാൻ മടിക്കില്ലെന്ന മുന്നറിയിപ്പോടെ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ റഷ്യയുടെ ആണവായുധ നയം തിരുത്തുകയും യുഎസ്, ബ്രിട്ടിഷ്, ഫ്രഞ്ച് മിസൈലുകൾ പ്രയോഗിച്ചാൽ പാശ്ചാത്യസഖ്യം യുക്രെയ്നിൽ നേരിട്ട് ഇടപെട്ടതായി കണക്കാക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. തങ്ങൾ നൽകിയ ആയുധങ്ങൾ പ്രയോഗിക്കാൻ യു.എസ്, യുക്രൈന് അനുമതി നൽകിയതിനു പിന്നാലെയാണ് ഭേദഗതി കൊണ്ടുവന്നത്.
കഴിഞ്ഞദിവസം യുക്രെയ്ൻ ATACMS ഉപയോഗിച്ച് റഷ്യയെ ആക്രമിച്ചിരുന്നു. വാഷിംഗ്ടൺ യുക്രെയ്ന് കൈമാറിയ ദീർഘദൂര മിസൈലാണ് ATACMS. റഷ്യ-യുക്രെയ്ൻ യുദ്ധ സാഹചര്യം വർദ്ധിപ്പിക്കാനാണ് അമേരിക്ക താത്പര്യപ്പെടുന്നതെന്ന് ഇതിലൂടെ വീണ്ടും വ്യക്തമായതായി മോസ്കോ പ്രതികരിച്ചിരുന്നു. ഇന്നലെ റഷ്യയിലെ കുർസ്ക് മേഖലയിലേക്ക് യുക്രെയ്ൻ ബ്രിട്ടിഷ് നിർമിത ക്രൂസ് മിസൈലുകളും തൊടുത്തിരുന്നു.