യുക്രെയ്നിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. 6 കുട്ടികളടക്കം 90 പേർക്ക് പരുക്കേറ്റു. 70 മിസൈലുകളും 145 ഡ്രോണുകളും ഉപയോഗിച്ച് ഈ വർഷം റഷ്യ നടത്തിയ ഏറ്റവും കനത്ത ആക്രമണമാണിത്. കീവ് നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ 13 ഇടങ്ങളിലാണ് കനത്ത നാശമുണ്ടായത്. യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖർകീവിലും ആക്രമണം നടന്നു.
കഴിഞ്ഞ 44 ദിവസമായി നടന്നുവന്ന സമാധാന ചർച്ചകളെ റഷ്യ അട്ടിമറിച്ചെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആരോപിച്ചു. ദക്ഷിണാഫ്രിക്കൻ സന്ദർശനത്തിലായിരുന്ന സെലെൻസ്കി യാത്ര വെട്ടിച്ചുരുക്കി മടങ്ങി. യുഎസിന് മേല്‍ സമ്മര്‍ദ്ദം ഉളവാക്കുന്നതിനായാണ് കീവിനുനേര്‍ക്ക് റഷ്യ മിസൈല്‍ ആക്രമണം നടത്തിയതെന്ന് യുക്രൈന്‍ പ്രസിഡന്റ് പറഞ്ഞു. ക്രിമിയയുടെ വിഷയത്തില്‍ തങ്ങളുടെ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും സെലന്‍സ്‌കി വ്യക്തമാക്കി.
യുക്രൈന്‍ തലസ്ഥാനമായ കീവില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണങ്ങളെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അപലപിച്ചു. യുക്രൈനെതിരെ റഷ്യ നടത്തി വരുന്ന യുദ്ധനടപടികള്‍ നിര്‍ത്താന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനോട് ട്രംപ് ആവശ്യപ്പെട്ടു. ‘കീവിലെ റഷ്യന്‍ ആക്രമണങ്ങളില്‍ ഞാന്‍ അസന്തുഷ്ടനാണ്. അനാവശ്യമാണത്, ശരിയായ സമയവുമല്ല. വ്‌ളാദിമിര്‍, നിര്‍ത്തൂ! പ്രതിവാരം 5000 സൈനികരാണ് മരിക്കുന്നത്. നമുക്ക് സമാധാനക്കരാര്‍ നടപ്പിലാക്കാം!’, സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു.