ഭോപ്പാൽ: മേഘാലയയിൽ ഹണിമൂണിനിടെ കാണാതാവുകയും തിരച്ചിലിനൊടുവിൽ മലയിടുക്കിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. ഇൻഡോർ സ്വദേശിനി സോനം ആണ് അറസ്റ്റിലായത്. രാജ രഘുവംശിയുടെ ഭാര്യ സോനത്തിന് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടായിരുന്നതായും ഭർത്താവിന്റെ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നുമാണ് വിവരം. വാടക കൊലയാളികളുടെ സഹായത്തോടെയാണ് ഭാര്യ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഭർത്താവ് രാജ രഘുവംശിയുടെ മൃതദേഹം മലയിടുക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിന് ദിവസങ്ങൾക്ക് ശേഷം ശനിയാഴ്ച രാത്രി ഉത്തർപ്രദേശിലെ ഗാസിപുരിലെ ഒരു ധാബയിൽ നിന്ന് സോനത്തെ കണ്ടെത്തുകയായിരുന്നു. വാടക കൊലയാളികളെ ഉപയോഗിച്ചാണ് സോനം, ഭർത്താവ് രാജാ രഘുവംശിയെ കൊലപ്പെടുത്തിയതെന്ന് മേഘാലയ ഡിജിപി ഇദാഷിഷ നോങ്റാങ് പറഞ്ഞു. കൃത്യം നടപ്പിലാക്കിയ വാടക കൊലയാളികളായ 3 പേരുടെയും അറസ്‌റ്റ് രേഖപ്പെടുത്തി. ഒരാളെ ഉത്തർപ്രദേശിൽ നിന്നും മറ്റു രണ്ടു പേരെ ഇൻഡോറിൽ നിന്നുമാണ് അറസ്‌റ്റ് ചെയ്തത്. ഭർത്താവിനെ കൊല്ലാൻ സോനം തങ്ങൾക്കു ക്വട്ടേഷൻ നൽകിയതാണെന്നു പ്രതികൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ മാസം മേഘാലയയിൽ എത്തിയ ദമ്പതികളെ മെയ് 23-നാണ് കാണാതായത്. നവദമ്പതികളെ മറ്റ് മൂന്ന് പുരുഷന്മാരോടൊപ്പം കണ്ടതായി ഒരു ടൂറിസ്റ്റ് ഗൈഡ് പൊലീസിനോട് പറഞ്ഞിരുന്നു. അതുകഴിഞ്ഞ് 10 ദിവസങ്ങൾക്ക് ശേഷം ജൂൺ 2-നാണ് രാജയുടെ മൃതദേഹം ഒരു മലയിടുക്കിൽ നിന്ന് കണ്ടെടുത്തത്. ഈ യാത്രയുടെ ഉദ്ദേശ്യം തന്നെ രാജയെ ഇല്ലാതാക്കുക എന്നായിരുന്നെന്നും പൊലീസ് അറിയിച്ചു. സോനത്തിന് വിവാഹേതര ബന്ധമുള്ളതായി സംശയിക്കുന്നെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലിൽ മനസ്സിലായതെന്നും പൊലീസ് അറിയിച്ചു.