കോഴിക്കോട്: താമരശ്ശേരിയിൽ സ്ത്രീകളെ മറയാക്കി ലഹരി വിൽപ്പന നടത്തുന്ന സംഘത്തെക്കുറിച്ച് 32 കാരിയായ യുവതി വെളിപ്പെടുത്തലുമായി രംഗത്തെത്തി. തന്റെ മുൻ പങ്കാളി ഷിജാസ് ലഹരി മാഫിയയിലെ പ്രധാനിയാണെന്നും പൊലീസ് പിടിയിലാകാതിരിക്കാൻ ലഹരി വിൽപ്പന നടത്തുന്ന സ്ഥലങ്ങളിലേക്ക് തന്നെ കൂട്ടിക്കൊണ്ടു പോകാറുണ്ടായിരുന്നുവെന്നും യുവതി മൊഴി നൽകി.
ഷിജാസ്, ഈങ്ങാപ്പുഴയിൽ ഭാര്യയെ കൊലപ്പെടുത്തിയ യാസിറിന്റെ അടുത്ത സുഹൃത്താണെന്നും, യാസിറിന് ലഹരി വസ്തുക്കൾ എത്തിച്ചുനൽകിയത് ഷിജാസാണെന്നും യുവതി മൊഴി നൽകി. തന്നെ മുറിയിൽ പൂട്ടിയിട്ടാണ് അവര്‍ ആവശ്യം വരുമ്പോള്‍ കാറിൽ കൊണ്ടുപോയതെന്നും ലഹരി കടത്തിനാണെന്ന് അപ്പോള്‍ അറിയില്ലായിരുന്നുവെന്നും യുവതി പറഞ്ഞു. ഭക്ഷണം തരാതെയാണ് മുറിയിൽ പൂട്ടിയിട്ടത്. പുറത്തുപോകാതിരിക്കാൻ വസ്ത്രങ്ങള്‍ വരെ അവര്‍ മാറ്റിയിട്ടിരുന്നു. കയ്യും കാലും കെട്ടിയിട്ടു. അവര് പോകുമ്പോള്‍ എന്നെയും വാഹനത്തിൽ നിര്‍ബന്ധിച്ച് കൊണ്ടുപോവുമായിരുന്നു. വാഹനത്തിൽ സ്ത്രീയുണ്ടെങ്കിൽ പിടിയിലാകില്ലെന്ന് കരുതിയാണ് അങ്ങനെ ചെയ്തതെന്ന് പിന്നീടാണ് അറിഞ്ഞതെന്നും യുവതി വെളിപ്പെടുത്തി.
എംഡിഎംഎ കേസില്‍ അറസ്റ്റിലായ ഷിജാസ് ഇപ്പോള്‍ ജയിലിലാണ്. താമരശ്ശേരി അമ്പായത്തോട്, ചുരം നാലാംവളവ് കേന്ദ്രീകരിച്ചാണ് ലഹരികൈമാറ്റമെന്ന് യുവതി പറയുന്നു. വാര്‍ത്ത പുറത്തുവന്ന ശേഷം ജയിലില്‍നിന്ന് ഷിജാസ് തന്നെ ഫോണില്‍വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും അവര്‍ ആരോപിച്ചു.
ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള ലഹരിക്കടത്തിന്‍റെ പ്രധാന ഇടത്താവളമായി താമരശേരി മാറുകയും ചുരവും അടിവാരവും കേന്ദ്രീകരിച്ച് ശക്തിപ്രാപിച്ച ലഹരി വില്‍പന സംഘങ്ങള്‍ സ്വന്തം വീട്ടിലുളളവര്‍ക്കു നേരെ പോലും കത്തി പായിക്കുന്ന നിലയിലേക്കെത്തിയതോടെയുമാണ് ഈ ഭീഷണിക്കെതിരെ നാട്ടുകാര്‍ തന്നെ രംഗത്തിറങ്ങിയത്. ഇതോടെ ലഹരി സംഘത്തിന്‍റെ കെണിയില്‍പെട്ടവരും ഭീഷണി നേരിടുന്നവരുമെല്ലാം അനുഭവങ്ങള്‍ ഒന്നൊന്നായി തുറന്നു പറയുകയാണ്.