ന്യൂ ഡൽഹി: മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിന് ആദരവോടെ യാത്രാമൊഴിയേകി രാജ്യം. 12.55-ന് നിഗംബോധ്ഘാട്ടിൽ പൂർണ സൈനിക ബഹുമതികളോടെയായിരുന്നു സംസ്കാരം. സംസ്കാര ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവരടക്കം നിരവധി പ്രമുഖർ പങ്കെടുത്തു. സിഖ് മതാചാര പ്രകാരമായിരുന്നു സംസ്കാരം. ഗുർബാനി കീർത്തനങ്ങൾ ഉച്ചത്തിൽ ഉരുവിട്ടായിരുന്നു സിഖ് പുരോഹിതരുടെ നേതൃത്വത്തിൽ സംസ്‌കാര ശുശ്രൂഷകൾ നടന്നത്. ഭൗതികദേഹം അഗ്നിനാളങ്ങൾ ഏറ്റുവാങ്ങുന്നതിന് മുൻപ് ആകാശത്തേക്ക് നിറയൊഴിച്ച് സൈന്യവും അവസാന സല്യൂട്ട് പൂർത്തിയാക്കി.
രാവിലെ എഐസിസി ആസ്ഥാനത്ത പൊതുദർശനത്തിന് ശേഷം വിലാപയാത്രയായിട്ടാണ് സംസ്കാരം നടക്കുന്ന യമുനാ തീരത്തെ നിഗംബോധ് ഘട്ടിലേക്ക് മൃതദേഹം കൊണ്ടുപോയത്. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, കെസി വേണുഗോപാൽ, സിദ്ധരാമയ്യ, പ്രിയങ്ക ഗാന്ധി, ഡികെ ശിവകുമാര്‍ മറ്റു കേന്ദ്ര നേതാക്കള്‍, എംപിമാര്‍, കേരളത്തിൽ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.
ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നംഗ്യേൽ വാങ്ചുക് ഉൾപ്പെടെ വിദേശ രാജ്യങ്ങളുടെ പ്രതിനിധികളും സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തു.