ചെങ്ങന്നൂർ: കേരള കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ എംപിയുമായ, കല്ലിശേരി പണിക്കരുവീട്ടിലായ കുതിരവട്ടത്ത് തോമസ് കുതിരവട്ടം (80) നിര്യാതനായി. ചെങ്ങന്നൂർ കല്ലശേരിയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. അവിഭക്ത കേരള കോൺഗ്രസിന്റെ വർക്കിങ് ചെയർമാൻ, ദീർഘകാലം ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
1985-91 ൽ രാജ്യസഭാംഗമായിരുന്നു. പിന്നീട് പാർട്ടിയുമായി പിണങ്ങി കേരള കോൺഗ്രസ് ബിയിൽ ചേർന്നു. തിരികെ കേരള കോൺഗ്രസി എമ്മിൽ എത്തിയെങ്കിലും സജീവ പ്രവർത്തനത്തിൽ നിന്നു വിട്ടു നിന്നിരുന്നു. കേരള കോൺഗ്രസ് (എം) സംസ്‌ഥാന ജനറൽ സെക്രട്ടറി, കെഎസ്‌സി പ്രസിഡന്റ്റ്, യൂത്ത് ഫ്രണ്ട് കൺവീനർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. 1976 മുതൽ 1987 വരെ കേരള കോൺഗ്രസിൻ്റെ ഓഫിസ് ചാർജ് വഹിക്കുന്ന ജനറൽ സെക്രട്ടറിയായും 1987 മുതൽ 1990 വരെ വൈസ് ചെയർമാനുമായിരുന്നു.
മലങ്കര ഓർത്തഡോക്സ് സഭ മാനേജിങ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. ഭാര്യ: നരിയാപുരം മാടമ്പിൽ പറമ്പിൽ ലിസി തോമസ്. മക്കൾ: ജൂണി കുതിരവട്ടം (കേരള കോൺഗ്രസ് ഉന്നതാധികാരസമിതിയംഗം), റോണി തോമസ്, ആനി തോമസ്, ടോണി കുതിരവട്ടം (തിരുവൻവണ്ടൂർ പഞ്ചായത്തംഗം). മരുമക്കൾ: അഡ്വ. ഷീനാ ജൂണി, മഹേഷ് ഹരിലാൽ (ഫാഷൻ ഫോട്ടോഗ്രാഫർ, തിരുവനന്തപുരം) സഞ്ജയ് എം.കൗൾ (എംഡി ആൻഡ് സിഇഒ. ഗിഫ്റ്റ് സിറ്റി, ഗുജറാത്ത്), ജിഷ ടോണി.



