Saturday, November 29, 2025
Mantis Partners Sydney
Home » മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന് ഹൈക്കോടതി
വയനാട് പുനരധിവാസം

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന് ഹൈക്കോടതി

by Editor

കൊച്ചി∙ മുണ്ടക്കൈ ചൂരൽമല ദുരിതബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കണമെന്ന് ആവർത്തിച്ച് ഹൈക്കോടതി. കേന്ദ്ര സര്‍ക്കാരും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും വിവേചനാധികാരം വിനിയോഗിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ബാങ്ക് വായ്പ എഴുതിത്തള്ളാന്‍ നിര്‍ദേശിക്കാന്‍ ദുരന്ത നിവാരണ നിയമത്തില്‍ വ്യവസ്ഥയുണ്ടെന്നും നിയമത്തിലെ 13ാം വകുപ്പ് ഉപയോഗിക്കാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

‘വായ്പ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന ബാങ്കുകളുടെ നടപടി ഷൈലോക്കിന്റെ ഹൃദയശൂന്യതയാണ്. കേന്ദ്ര സര്‍ക്കാര്‍ ക്ഷേമ രാഷ്ട്രത്തിലെ ഭരണ നിര്‍വഹണ ചുമതല നിര്‍വഹിക്കുമെന്ന് കരുതുന്നു. ജീവിതവും വരുമാനവും നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വരണം. എഴുതിത്തള്ളേണ്ടത് വലിയ തുകയല്ല. കേരള ബാങ്ക് 4.98 കോടി രൂപയുടെ വായ്പ എഴുതിത്തള്ളി‘, കോടതി പറഞ്ഞു. കൊവിഡ് കാലത്ത് താല്‍ക്കാലികമായി ജീവിതം തടസ്സപ്പെട്ട സാഹചര്യമല്ല വയനാട്ടിലേതെന്നും മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ എല്ലാ ജീവിത സാഹചര്യവും നഷ്ടപ്പെട്ടവരാണെന്നും കോടതി ഓര്‍മിപ്പിച്ചു.

വായ്‌പ എഴുതിത്തള്ളാൻ കഴിയില്ലെന്നും മൊറട്ടോറിയം പ്രഖ്യാപിച്ചു വായ്പ്‌പ പുനഃക്രമീകരണം നടത്താൻ മാത്രമേ സാധിക്കൂ എന്നും കേന്ദ്ര സർക്കാർ അറിയിച്ചു. മുഖ്യമന്ത്രി കൂടി പങ്കെടുത്ത എസ്എൽബിസി യോഗത്തിൻ്റെ തീരുമാന പ്രകാരം ആർബിഐ ചട്ടങ്ങൾ അനുസരിച്ചാണു തീരുമാനത്തിൽ എത്തിയതെന്നും കേന്ദ്രം വ്യക്തമാക്കി. എന്നാൽ ഇതിനെ സംസ്‌ഥാന സർക്കാർ എതിർത്തു.

മുഖ്യമന്ത്രി പങ്കെടുത്ത എസ്എല്‍ബിസി യോഗത്തിന്റെ ശുപാര്‍ശ അനുസരിച്ചാണ് ബാങ്ക് വായ്പ എഴുതിത്തള്ളേണ്ടെന്ന തീരുമാനമെടുത്തെതെന്ന കേന്ദ്ര സര്‍ക്കാര്‍ വാദവും ഹൈക്കോടതി തള്ളി. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ബാങ്ക് വായ്പ എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തീരുമാനമെടുത്ത രണ്ട് എസ്എല്‍ബിസി യോഗത്തിന്റെയും മിനുറ്റ്‌സ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. ബാങ്ക് വായ്പ എഴുതിത്തള്ളാനാണ് മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ ആവശ്യപ്പെട്ടതെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. വായ്പ എഴുതിത്തള്ളുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്രത്തോട് വീണ്ടും ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു. വീണ്ടും മൺസൂൺ എത്താറാകുന്ന സാഹചര്യത്തിൽ മുന്നറിയിപ്പു സംവിധാനമടക്കം എല്ലാം നേരത്തേ തന്നെ സജ്ജമാക്കാൻ ദുരന്ത നിവാരണ അതോറിറ്റിക്കും ഹൈക്കോടതി നിർദേശം നൽകി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി വേനലവധിക്ക് ശേഷം പരിഗണിക്കും.

Send your news and Advertisements

You may also like

error: Content is protected !!