ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസിലെ പങ്ക് സമ്മതിച്ച് തഹാവൂർ റാണ. ആക്രമണ സമയത്ത് മുംബൈയിൽ ഉണ്ടായിരുന്നതായും റാണ വെളിപ്പെടുത്തിയതായാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തഹാവൂർ റാണ എൻഐഎക്ക് നൽകിയ മൊഴിയിൽ ആണ് ഞെട്ടിക്കുന്ന വിവരങ്ങൾ.
പാക്കിസ്ഥാന്റെ വിശ്വസ്തനായ ഏജന്റായിരുന്നു റാണ. ഗൾഫ് യുദ്ധകാലത്ത് റാണയെ പാക്കിസ്ഥാൻ സൗദി അറേബ്യയിലേക്ക് അയച്ചിരുന്നു. ഒരു ചാര സംഘടനയായാണ് ലഷ്കർ-ഇ-തൊയ്ബ ആദ്യം രൂപീകരിച്ചത്. ഡേവിഡ് ഹെഡ്‌ലി എന്ന ദാവൂദ് സയ്യിദ് ഗിലാനി ലഷ്കർ-ഇ-തൊയ്ബയ്‌ക്ക് വേണ്ടി ആഗോളതലത്തിൽ ഭീകരവാദ സെഷനുകൾ നടത്തിയിട്ടുണ്ടെന്നും റാണയുടെ മൊഴിയിൽ പറയുന്നു.
മുംബൈയിൽ സ്വന്തം സ്ഥാപനത്തിന്റെ ഒരു ഇമിഗ്രേഷൻ സെന്റർ തുറക്കാനുള്ള ആശയം തന്റേതാണെന്നും അതിലെ സാമ്പത്തിക ഇടപാടുകളും ബിസിനസ് ചെലവുകൾ എന്ന നിലയിലാണ് നടത്തിയതെന്നും റാണ സമ്മതിച്ചു. 26/11 ആക്രമണ സമയത്ത് താൻ മുംബൈയിലായിരുന്നുവെന്നും അത് തീവ്രവാദികളുടെ പദ്ധതിയുടെ ഭാഗമായിരുന്നുവെന്നും റാണ വെളിപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് പോലുള്ള സ്ഥലങ്ങൾ പരിശോധിച്ചതായും 26/11 ആക്രമണം പാക്കിസ്ഥാന്റെ ഐഎസ്ഐയുമായി സഹകരിച്ചാണ് നടത്തിയതെന്ന് വിശ്വസിക്കുന്നതായും റാണ പറഞ്ഞതായാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
ഏപ്രിൽ 10 -നാണ് എൻഐഎ സംഘം റാണയെ യുഎസിൽ നിന്നും ഇന്ത്യയിൽ എത്തിച്ചത്. എൻഐഎ കസ്റ്റഡിയിൽ കഴിയവേ മുംബൈ പൊലീസ് ക്രൈംബ്രാഞ്ചും റാണയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം ഡൽഹിയിലെ പട്യാല ഹൗസ് കോടതി റാണയ്‌ക്ക് കുടുംബാംഗങ്ങളുമായി ഒരു തവണ ടെലിഫോണിൽ സംസാരിക്കാൻ അനുമതി നൽകിയിരുന്നു. റാണയുടെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 9 വരെ കോടതി നീട്ടിയിരുന്നു.