നിലമ്പൂർ: കനത്ത മഴയ്ക്കിടയിലും മികച്ച പോളിംഗാണ് നിലമ്പൂരില്‍ രേഖപ്പെടുത്തിയത്. മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ കണക്കുകൾ പ്രകാരം പോളിങ് 75.27% ആണ്. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിലെ 71.28 ശതമാനം പോളിങ്ങിനെ മറികടക്കുന്ന വോട്ടിംഗാണ് നിലമ്പൂരിൽ കണ്ടത്. 2021 -ല്‍ ഇത് 75.23 ശതമാനമായിരുന്നു. നിലമ്പൂരില്‍ ആര് വാഴും ആര് വീഴും എന്നറിയാന്‍ ഇനി മൂന്ന് നാള്‍ കാത്തിരിക്കണം. ജൂണ്‍ 23-നാണ് നിലമ്പൂരില്‍ വോട്ടെണ്ണല്‍ നടക്കുക.
2.40 ലക്ഷത്തോളം വോട്ടർമാരുള്ള മണ്ഡലത്തിൽ വിധി തേടിയത് പത്തുപേരാണ്. എം.സ്വരാജ്, ആര്യാടൻ ഷൗക്കത്ത്, മോഹൻ ജോർജ്, പിവി അൻവർ എന്നിവരാണ് പ്രമുഖർ. ചെറിയ തർക്കങ്ങളും പ്രശ്നങ്ങളും ഉണ്ടായതൊഴിച്ചാൽ വോട്ടെടുപ്പ് ഏറെക്കുറെ സമാധാനപരമായിരുന്നു. ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിംഗ് സ്റ്റേഷനുകൾ ഉൾപ്പെടെ ആകെ 263 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരുന്നത്.
രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ട നിര ഉണ്ടായിരുന്നു. ആദിവാസി മേഖലയില്‍ ഉച്ചയ്ക്ക് ശേഷം മികച്ച പോളിംഗ് രേഖപ്പെടുത്തി. ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ് മാങ്കുത്ത് എൽപി സ്കൂളിലും യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവ. എൽപി സ്കൂളിലും ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജ് ചുങ്കത്തറ മാർത്തോമ ഹയർസെക്കന്ററി സ്കൂളിലും വോട്ട് ചെയ്തു.