വാഷിങ്ടൻ: ആലപ്പുഴ സ്വദേശിയും മലങ്കര ഓർത്തഡോക്സ് സഭയുടെ വൈദികനും ആയ ഫാ. ഡോ. അലക്‌സാണ്ടർ ജെ. കുര്യനെ അമേരിക്കൻ സർക്കാരിന്റെ ഫെയ്ത്ത് ലെയ്‌സൺ ആയി നിയമിച്ചു. വൈറ്റ് ഹൗസ് ഫെയ്‌ത് ഓഫീസ് വഴി ഇൻ്റർഫെയ്‌ത് ബന്ധങ്ങളുടെ ലെയ്‌സൺ ഓഫീസറായി അദേഹം സേവനം അനുഷ്ഠിക്കും. യു.എസ് പൊതുഭരണ വിഭാഗത്തിലെ ഗവൺമെന്റ്റ് വൈഡ് പോളിസി ഓഫിസിൽ സീനിയർ എക്സിക്യൂട്ടീവും ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്ററുമായ അദേഹത്തിന് അധികച്ചുമതലയായാണ് പുതിയ നിയമനം നൽകിയിരിക്കുന്നത്. വിശ്വാസം സംബന്ധിച്ച വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വൈറ്റ് ഹൗസ് ഫെയ്‌ത് ഓഫിസിന്റെ ഗുണഭോക്താക്കൾക്കുള്ള പരിശീലനം അടക്കമുള്ള ചുമതലകൾ അദ്ദേഹം നിർവഹിക്കും.
ഫെബ്രുവരിയിൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സ്ഥാപിച്ച ഫെയ്‌ത് ഓഫീസ്, വിശ്വാസാധിഷ്‌ഠിത സംഘടനകളെ ശാക്തീകരിക്കുന്നതിനും മതപരമായ അസഹിഷ്‌ണുതയെ ചെറുക്കുന്നതിനുമായി രൂപീകരിച്ചതാണ്. ട്രംപിന്റെ ദീർഘകാല വിശ്വാസ ഉപദേഷ്‌ടാവായ ഫാ. പോള വൈറ്റ് ആണ് ഓഫീസിൻ്റെ മേൽനോട്ടം വഹിക്കുന്നത്. അറ്റോർണി ജനറൽ പാം ബോണ്ടി അതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. ഈ പ്രമുഖ നേതൃത്വത്തിനിടയിലാണ് ഒരു മലയാളി പുരോഹിതനെ പ്രധാന ലെയ്‌സൺ ആയി നിയമിക്കുന്നത്. ഇന്ത്യയ്ക്കും കേരളത്തിനും ഒരു പോലെ അഭിമാനകരമായ നിമിഷമാണ്.
ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട് സ്വദേശിയായ അലക്സാണ്ടർ ജെ. കുര്യൻ പതിനാറാം വയസിലാണ് അമേരിക്കയിലെത്തിയത്. ബോസ്‌റ്റണിലെ ഹോളിക്രോസ് സെമിനാരിയിൽ ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയശേഷം ഗ്രീസിലെ യൂണിവേഴ്സിറ്റി ഓഫ് എതൻസിൽ തിയോളജിയിലും, ഫിലോസഫിയിലും ഉപരിപ ഠനം നടത്തി. യൂണിവേഴ്‌സിറ്റി ഓഫ് ഫ്ലോറിഡയിൽ എംബിഎ പഠനം പൂർത്തിയാക്കി 1987ൽ ജൂണിൽ വൈദിക പട്ടം സ്വീകരിച്ചു.
മലങ്കര ഓർത്തഡോക്സ് സഭയുടെ പുരോഹിതനായി നിയമിതനായ അദ്ദേഹം ബാൾട്ടിമോറിലെ സെൻ്റ് തോമസ് ഓർത്തഡോക്‌സ് പള്ളി, ഗ്രേറ്റർ വാഷിങ്ടൺ ഡിസിയിലെ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളി എന്നിവ ഉൾപ്പെടെ യുഎസിലെ പ്രധാന പള്ളികളിൽ 18 വർഷത്തിലേറെ വികാരിയായി സേവനമനുഷ്ഠിച്ചു.
1999 -ൽ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിൽ സീനിയർ പോളിസി ഉപദേഷ്ടാവായാണ് ഫാ. അലക്‌സാണ്ടർ പൊതുസേവനത്തിലേക്കുള്ള തൻ്റെ യാത്ര ആരംഭിച്ചത്. 2004 -ൽ 180 രാജ്യങ്ങളിലായി യു.എസ് നയതന്ത്ര ദൗത്യങ്ങൾ രൂപപ്പെടുത്തുന്നതിൽ അദേഹം നിർണായക പങ്ക് വഹിച്ചു. ലോകമെമ്പാടുമുള്ള 135 പുതിയ എംബസികൾ സ്ഥാപിക്കാൻ സഹായിച്ചു. 2000 -ൽ ബിൽ ക്ലിൻ്റൻ്റെ യാത്രയും 2006 -ൽ ജോർജ് ഡബ്ല്യു ബുഷിന്റെ ഹൈദരാബാദ് സന്ദർശനവും ഉൾപ്പെടെ, യുഎസ് പ്രസിഡൻറുമാരുടെ ഇന്ത്യയിലേക്കുള്ള ചരിത്രപരമായ സന്ദർശനങ്ങളിലും അദേഹം പ്രധാന പങ്ക് വഹിച്ചു. മാത്രമല്ല ഹൈദരാബാദിൽ പുതിയ ഇന്ത്യൻ കോൺസുലേറ്റ് സ്ഥാപിക്കുന്നതിനുള്ള പ്രധാന ചർച്ചകളിൽ പങ്കാളിയായിരുന്നു ഫാ. അലക്സാണ്ടർ. മുൻ പ്രസിഡന്റ് ബൈഡൻ്റെയും മുൻ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിൻ്റെയും കീഴിൽ ഒൻപത് പോളിസികളുടെ നിയന്ത്രണങ്ങളുടെ നേതൃത്വ നിരയിൽ അദേഹവും ഉണ്ടായിരുന്നു. 2018 -ൽ ട്രംപിനൊപ്പം ഡെപ്യൂട്ടി അസോസിയേറ്റ് അഡ്‌മിനിസ്ട്രേറ്ററായി ജോലി ചെയ്‌തിരുന്നു.
2019 -ൽ പ്രസിഡന്റ് ട്രംപ് അദേഹത്തെ ഫെഡറൽ റിയൽ പ്രോപ്പർട്ടി കൗൺസിലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ആയി നിയമിച്ചത് ജീവിതത്തിലെ അവിസ്‌മരണീയമായ മുഹൂർത്തമാണ്. ട്രംപിൻ്റെ രണ്ടാമത്തെ വരവിലും ലഭിച്ച ഈ അംഗീകാരം അദേഹത്തിൻ്റെ പ്രവർത്തന മികവിൻ്റെ നേട്ടം തന്നെയാണ് എന്നതിൽ സംശയമില്ല.