Wednesday, July 2, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » മമ്മൂട്ടിയെ വിളിക്കാം, ലഹരിമരുന്നിനെതിരെ പോരാടാം; സര്‍ക്കാരിനോട് കൈകോര്‍ത്ത് “ടോക് ടു മമ്മൂക്ക”
മമ്മൂട്ടിയെ വിളിക്കാം,ലഹരിമരുന്നിനെതിരെ പോരാടാം; സര്‍ക്കാരിനോട് കൈകോര്‍ത്ത് "ടോക് ടു മമ്മൂക്ക"

മമ്മൂട്ടിയെ വിളിക്കാം, ലഹരിമരുന്നിനെതിരെ പോരാടാം; സര്‍ക്കാരിനോട് കൈകോര്‍ത്ത് “ടോക് ടു മമ്മൂക്ക”

by Editor

കൊച്ചി: ‘ഹലോ…മമ്മൂട്ടിയാണ്…’ കടല്‍മുഴക്കമുള്ള ആ ശബ്ദം കാതുകളിലേക്കെത്തുകയാണ്. ഇനിയുള്ള ദിവസങ്ങളില്‍ നമ്മള്‍ അത് വീണ്ടും വീണ്ടും കേള്‍ക്കും. കേരളത്തെ വിഷത്തില്‍ മുക്കിക്കൊല്ലുന്ന ലഹരിമരുന്നുകള്‍ക്കെതിരായ ജനകീയപോരാട്ടത്തിന് കളമൊരുക്കിക്കൊണ്ട് ‘ടോക് ടു മമ്മൂക്ക’ എന്ന പുതിയ സംരംഭത്തിന് തുടക്കമിടുകയാണ് മലയാളത്തിന്റെ അഭിമാനതാരം. ലഹരിക്കെതിരെ നിങ്ങള്‍ക്കൊപ്പം ഒറ്റ ഫോണ്‍കോളിനപ്പുറത്ത് ഇനി മമ്മൂട്ടിയും അദ്ദേഹത്തിന്റെ സേവനപ്രസ്ഥാനമായ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണലമുണ്ടാകും.

ലഹരിമരുന്നുപയോഗത്തെയും കച്ചവടത്തെയും കുറിച്ചുള്ള വിവരങ്ങള്‍ ഫോണിലൂടെ കൈമാറാനുള്ള സംവിധാനമാണ് ടോക് ടു മമ്മൂക്ക. മമ്മൂട്ടി സ്വന്തം ശബ്ദത്തിലാണ് ഇതിലേക്ക് സ്വാഗതം ചെയ്യുന്നത്. ഇതിന്റെ റെക്കോഡിങ് കഴിഞ്ഞ ദിവസമായിരുന്നു. 6238877369 എന്ന നമ്പരിലേക്കാണ് വിളിക്കേണ്ടത്. മമ്മൂട്ടിയുടെ ശബ്ദ സന്ദേശത്തിനുശേഷം ലഹരി മരുന്ന് വിപണനത്തെക്കുറിച്ചോ ഉപയോഗത്തെക്കുറിച്ചോ നിങ്ങൾക്ക് കൈമാറാനുള്ള വിവരങ്ങൾ പറയാം. അത് കൃത്യമായി രേഖപ്പെടുത്തി അടിയന്തര നടപടികൾക്കായി അധികാരികൾക്ക് കൈമാറും. സംസ്ഥാന കുടുംബശ്രീ മിഷന്റെകൂടി സഹകരണത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഫോണിൽ ലഭിക്കുന്ന വിവരങ്ങള്‍ കെയര്‍ ആന്റ് ഷെയര്‍ എക്‌സൈസ് വകുപ്പിന് കൈമാറും. വിവരങ്ങള്‍ കൈമാറുന്നവരുടെ വിശദാംശങ്ങൾ തീർത്തും രഹസ്യമായി സൂക്ഷിക്കും. ലഹരിയുടെ പിടിയിലാവയര്‍ക്ക് കൗണ്‍സലിങ് ആവശ്യമെങ്കില്‍ വിവിധ ആശുപത്രികളുമായി സഹകരിച്ച് അതിനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. തുടക്കത്തിൽ ആലുവ രാജഗിരി ആശുപത്രിയുടെ ക്ലിനിക്കൽ സൈക്കോളജി വിഭാഗത്തിന്റെ മുഴുവൻ സമയ സേവനവും സൗജന്യമായി പദ്ധതിയിൽ ലഭ്യമാണ്.

ലഹരിമരുന്നുകൾക്കെതിരെ പരാതിപ്പെട്ടവരെ പ്രതികൾ ഭീഷണിപ്പെടുത്തുന്ന ചില സാഹചര്യങ്ങൾ മുൻപ് റിപ്പോർട്ട്‌ ചെയ്തിരുന്നു. കെയർ ആൻഡ് ഷെയറിന്റെ ഈ പദ്ധതിയിൽ പരാതിക്കാരുടെ സ്വകാര്യത ഉറപ്പാക്കുന്നതിലൂടെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് സധൈര്യം മുൻപോട്ടു വരാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുമെന്ന് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ചെയർമാൻ കെ മുരളീധരൻ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്നാണ് ‘ടോക് ടു മമ്മൂക്ക‘ ദൗത്യം നടപ്പാക്കുക. ഇതുമായി സഹകരിക്കണമെന്ന നിര്‍ദേശം എക്‌സൈസ് വകുപ്പിന് നൽകിയിട്ടുണ്ട്. മമ്മൂട്ടിയുടെ പ്രിയപ്പെട്ട നമ്പര്‍ ആയ 369-ല്‍ അവസാനിക്കുന്നതാണ് ടോക് ടു മമ്മൂക്ക സംരംഭത്തിന്റെ നമ്പര്‍ എന്ന പ്രത്യേകതയുമുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!