മദ്യലഹരിയിൽ വിവാഹവേദിയിലെത്തിയ വരന് വധുവിനെത്തന്നെ മാറിപ്പോയി. താലി ചാർത്തിയത് വധുവിന്റെ ഉറ്റസുഹൃത്തിനെ. ഉത്തർപ്രദേശിലെ ബറേയ്‌ലിയിലാണ് സംഭവം. മദ്യപിച്ച് ബോധമില്ലാതെ വിവാഹവേദിയിലെത്തിയ വരൻ വധുവിന്റെ ഉറ്റസുഹൃത്തിന്റെ കഴുത്തിൽ മാലചാർത്തിയതോടെ സംഭവം സംഘർഷത്തിൽ കലാശിച്ചു. വരനായ രവീന്ദ്ര കുമാറി (26) ന്‍റെ മുഖത്തടിച്ച 21-കാരിയായ വധു രാധാ ദേവി വിവാഹത്തിൽനിന്ന് പിന്മാറി. സ്വന്തം വിവാഹത്തിന് മദ്യപിച്ചെത്തിയ ഒരാളെ വിവാഹം കഴിക്കാനാകില്ലെന്നായിരുന്നു വധുവിന്റെ പ്രതികരണം. കസേരകളും ഭക്ഷണവുമുൾപ്പെടെ വലിച്ചെറിഞ്ഞു. വധുവിന്റെ കൂട്ടുകാരിയെ ഹാരമണിയിച്ചതിനു പുറമേ മറ്റൊരു ആണ്‍ സുഹൃത്തിന്റെയും മറ്റൊരു അതിഥിയുടെയും കഴുത്തിലും ഇയാള്‍ മാലചാര്‍ത്തി.
ഇരുവീട്ടുകാരും തമ്മിൽ വാക്കേറ്റവുമുണ്ടായി. സ്ഥിതിഗതികൾ വഷളായതോടെ പൊലീസ് ഇടപെട്ടു. ഉദ്യോഗസ്ഥർ വരനെ അറസ്റ്റ് ചെയ്ത് വൈദ്യപരിശോധന നടത്തി. ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പരിശോധനയില്‍ വ്യക്തമായി.