നിലമ്പൂരുകാര്‍ സ്‌നേഹത്തോടെ ബാപ്പുട്ടിയെന്ന് വിളിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് ഉപതിരഞ്ഞെടുപ്പിൽ മണ്ഡലം തിരിച്ചു പിടിച്ചു. ഇടതു സ്ഥാനാർഥിയായി വിജയിച്ച പി.വി.അൻവർ രാജിവച്ചതിനെ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ പതിനൊന്നായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷൗക്കത്ത് പിതാവ് ആര്യാടൻ മുഹമ്മദ് ദീർഘകാലം കുത്തകയാക്കിവെച്ചിരുന്ന മണ്ഡലം യു.ഡി.എഫിനുവേണ്ടി തിരിച്ചുപിടിച്ചത്. സി.പി.എമ്മിന്റെ എം. സ്വരാജിനെ 11077 വോട്ടിനാണ് ഷൗക്കത്ത് പരാജയപ്പെടുത്തിയത്. സ്വരാജിന്റെ തുടർച്ചയായ രണ്ടാമത്തെ പരാജയമായി ഇത്. മൂന്ന് മുന്നണികൾക്കുമെതിരേ സ്വതന്ത്രനായി മത്സരിച്ച മുൻ എം.എൽ.എ ഇരുപതിനായിരത്തോളം വോട്ട് പിടിച്ച് കരുത്തുകാട്ടി. ക്രിസ്ത്യൻ സ്ഥാനാർഥിയിലൂടെ പരീക്ഷണം നടത്തിയ ബി.ജെ.പി. നാലാം സ്ഥാനത്തായി
വോട്ടെണ്ണലിന്റെ ആദ്യ മിനുറ്റുകള്‍ മുതല്‍ കാര്യമായ മുന്‍കൈ ആര്യാടന്‍ ഷൗക്കത്ത് നേടിയിരുന്നു. രണ്ട് റൗണ്ടിലൊഴികെ ബാക്കിയെല്ലാ റൗണ്ടിലും ഷൗക്കത്ത് തന്നെയായിരുന്നു മുന്നില്‍. ഒമ്പത് വര്‍ഷക്കാലം എല്‍ഡിഎഫിനൊപ്പം നിന്ന മണ്ണാണ് ഇപ്പോള്‍ ആര്യാടന്‍ ഷൗക്കത്ത് കോണ്‍ഗ്രസിനും യുഡിഎഫിനും വേണ്ടി തിരിച്ചുപിടിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതലുണ്ടായിരുന്ന എല്ലാ വിവാദങ്ങള്‍ക്കും ഇതോടെ മറുപടിയായിരിക്കുകയാണ്. 34 വര്‍ഷം പിതാവ് ആര്യാടന്‍ മുഹമ്മദിനെ എംഎല്‍എയാക്കിയ നിലമ്പൂരുകാര്‍ അദ്ദേഹത്തിന്റെ മകനെയും ചേര്‍ത്ത് പിടിച്ചിരിക്കുകയാണ്. 2016-ല്‍ പി വി അന്‍വറിനോട് നിലമ്പൂരില്‍ പരാജയപ്പെട്ട ആര്യാടന്‍ ഷൗക്കത്ത് അന്‍വര്‍ ഒഴിഞ്ഞ അതേ സീറ്റിലേക്ക് മത്സരിച്ച് കന്നിയംഗമായി നിയമസഭയിലേക്കെത്തുകയാണ്.