Thursday, July 31, 2025
Mantis Partners Sydney
Home » മണിപ്പൂരിലെ കലാപം: സുപ്രീം കോടതി ജസ്റ്റിസുമാർ സ്ഥിതിഗതികൾ വിലയിരുത്താൻ സന്ദർശനം നടത്തുന്നു
മണിപ്പൂർ

മണിപ്പൂരിലെ കലാപം: സുപ്രീം കോടതി ജസ്റ്റിസുമാർ സ്ഥിതിഗതികൾ വിലയിരുത്താൻ സന്ദർശനം നടത്തുന്നു

by Editor

ന്യൂഡൽഹി: കലാപബാധിതമായ മണിപ്പൂരിലെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി സുപ്രീം കോടതി ജസ്റ്റിസുമാർ സ്ഥലത്തേക്ക് യാത്ര തിരിക്കുന്നു. ജസ്റ്റിസ് ബി.ആർ. ഗവായ്യുടെ നേതൃത്വത്തിലുള്ള ആറ് അംഗ സംഘമാണ് ജൂൺ 22-നു മണിപ്പൂരിലെത്തുന്നത്. ജസ്റ്റിസ് ബി ആർ ഗവായിക്ക് പുറമേ ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രംനാഥ്, എംഎം സുന്ദ്രേഷ്, കെവി വിശ്വനാഥൻ, എൻ കോടീശ്വർ എന്നിവരാണ് സംഘത്തിൽ ഉള്ളത്. മണിപ്പൂരിൽ നിന്നുള്ള ജസ്റ്റിസ് എൻകെ സിംഗും സംഘത്തിലുണ്ട്. പലായനം ചെയ്തവർ തങ്ങുന്ന ക്യാംപിലടക്കം എത്തി ജനങ്ങളുടെ പരാതി ജസ്റ്റിസുമാർ നേരിട്ട് കേൾക്കും.

സംഘർഷ ബാധിത മേഖലകളിലെ സ്ഥിതിഗതികളും ദുരിതാശ്വാസ ക്യാമ്പുകളിലെ അവസ്ഥയും ജസ്റ്റിസുമാർ നേരിട്ടുള്ള നിരീക്ഷണത്തിലൂടെ വിലയിരുത്തും. കലാപബാധിതർക്ക് തത്കാലിക സഹായം നൽകുന്നതിനും, അവർക്കാവശ്യമായ നിയമപരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനുമുള്ള നടപടികൾ സമഗ്രമായി ചർച്ച ചെയ്യും. ഈ സന്ദർശനം മണിപ്പൂരിലെ സുരക്ഷാ സാഹചര്യം വിലയിരുത്തുന്നതിനും, സംസ്ഥാനത്തെ നിയമവും വ്യവസ്ഥയും പുനഃസ്ഥാപിക്കുന്നതിനുമുള്ള നിർണ്ണായക നടപടിയായി മാറുമെന്നാണ് വിലയിരുത്തൽ.

മണിപ്പൂരിലെ സംഘർഷത്തിൽ നിർണ്ണായക നീക്കമാണ് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. മണിപ്പൂർ കലാപ കേസുകൾ നേരത്തെ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് പരിഗണിച്ചിരുന്നു. സംഘർഷം തീർക്കാൻ സർക്കാരിന് കർശന നിർദ്ദേശം കോടതി നൽകിയിരുന്നു. ഡിജിപി അടക്കം ഉദ്യോഗസ്ഥരെ കോടതി വിളിച്ചാണ് നിർദ്ദേശങ്ങൾ നൽകിയത്. പിന്നീട് ജസ്റ്റിസ് ഗീതാ മിത്തൽ അദ്ധ്യക്ഷയായ സംഘത്തെ മണിപ്പൂരിലേക്ക് അയച്ച് സുപ്രീം കോടതി സംസ്ഥാനത്തെ സ്ഥിതി പരിശോധിച്ചു. ചില നിർദ്ദേശങ്ങൾ ഈ സംഘം തയ്യാറാക്കി കോടതിക്ക് നൽകുകയും ചെയ്തിരുന്നു.

 

Send your news and Advertisements

You may also like

error: Content is protected !!