ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവു കേസുമായി ബന്ധപ്പെട്ട് നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡൽ കെ. സൗമ്യ എന്നിവരെ എക്സൈസ് ചോദ്യംചെയ്തു. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരേ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അതേസമയം, ഇവരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചതായും ആവശ്യമുണ്ടെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, സൗമ്യ എന്നിവരെ മൂന്ന് മുറിയിൽ ഇരുത്തിയാണ് ചോദ്യം ചെയ്തത്.
ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്ന മൊഴിയാണ് ഷൈൻ നൽകിയത്. ഷൈന്‍ മയക്കുമരുന്നിന് അടിമയാണെന്ന് ചോദ്യംചെയ്യലില്‍ സമ്മതിച്ചു. സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളാണെന്നും ഇതില്‍നിന്ന് മോചനം വേണമെന്നും ഷൈന്‍ എക്‌സൈസിനോട് പറഞ്ഞു. തുടര്‍ന്ന് എക്‌സൈസിന്റെ മേല്‍നോട്ടത്തില്‍ തന്നെ ഷൈനിനെ ലഹരി വിമുക്ത ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. തൊടുപുഴയിലെ ഡി അഡിക്ഷൻ സെന്ററിലേക്കാണ് മാറ്റുക. എക്സൈസ് വാഹനത്തിൽ തന്നെയാണ് കൊണ്ട് പോയത്. കൂത്താട്ടുകുളത്ത് ലഹരി ചികിൽസ നടത്തിയതിൻ്റെ രേഖകൾ ഷൈന്റെ മാതാപിതാക്കൾ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.
തിങ്കളാഴ്ച രാവിലെയാണ് നടന്മാരും മോഡലും ആലപ്പുഴ എക്‌സൈസ് ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരായത്. മണിക്കൂറുകൾനീണ്ട ചോദ്യംചെയ്യലിന് ശേഷം രാത്രിയോടെയാണ് മൂവരെയും വിട്ടയച്ചത്.
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ മുഖ്യപ്രതി തസ്ലിമ സുല്‍ത്താനയെ പരിചയം മാത്രമേയുള്ളൂവെന്ന് മോഡലായ സൗമ്യ മാധ്യമങ്ങളോട് പറഞ്ഞു. തസ്ലിമയുമായി സാമ്പത്തിക ഇടപാടുകളോ മറ്റു ഇടപാടുകളോ ഇല്ലായെന്നും സൗമ്യ ചോദ്യംചെയ്യലിന് ശേഷം പ്രതികരിച്ചു. എന്നാൽ ലൈംഗിക ഇടപാടിലൂടെയാണ് തസ്ലിമയുമായി പരിചയമെന്നും ‘റിയല്‍മീറ്റ്’ എന്നാണ് ഈ ഇടപാടിനെ വിശേഷിപ്പിക്കാറുള്ളതെന്നും സൗമ്യ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യം സൗമ്യ മാധ്യമങ്ങളോട് നിഷേധിച്ചു. ‘റിയല്‍മീറ്റ്’ എന്നത് എന്താണെന്ന് അറിയില്ലെന്നും അങ്ങനെയൊരു പദം കേട്ടിട്ടില്ലെന്നുമായിരുന്നു സൗമ്യയുടെ മറുപടി. ഷൈൻ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും അറിയാം. ഇവർ സുഹൃത്തുക്കളാണെന്നും സൗമ്യ മൊഴി നൽകി. ലഹരി ഇടപാടിനെക്കുറിച്ച് തനിക്ക് അറിയില്ല, ഈ ഇടപാടിൽ ബന്ധമില്ലെന്നും സൗമ്യ തന്റെ മൊഴിയിൽ പറയുന്നുണ്ട്. എന്നാൽ ഈ മൊഴി എക്സൈസ് വിശ്വാസത്തിൽ എടുത്തിട്ടില്ല.
പത്ത് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് മൂവരെയും വിട്ടയച്ചത്. മാധ്യമങ്ങൾക്ക് നന്ദി എന്നായിരുന്നു ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ നടൻ ശ്രീനാഥ് ഭാസിയുടെ പ്രതികരണം. ‘താങ്ക്യൂ മീഡിയ താങ്ക്‌സ് എ ലോട്ട്’ എന്ന പരിഹാസരൂപേണയുള്ള മറുപടിയായിരുന്നു ശ്രീനാഥ് ഭാസി നല്‍കിയത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ ശ്രീനാഥ് ഭാസി പ്രതികരിച്ചില്ല. മോഡല്‍ സൗമ്യയേയും കേസിലെ മുഖ്യപ്രതി തസ്‌ലീമ സുല്‍ത്താനയേയും അറിയുമോ എന്ന ചോദ്യത്തിനും നടന്‍ പ്രതികരണമൊന്നും നല്‍കിയില്ല.
ഈ കേസിൽ നേരത്തെ പിടിക്കപ്പെട്ട തസ്‍ലിമയുമായുള്ള സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്താനാണ് എക്സൈസ് മൂവരെയും വിളിപ്പിച്ചത്. എന്നാൽ ഇവർക്ക് ഈ കേസുമായി ബന്ധമില്ലെന്നാണ് എക്സൈസ് നിഗമനം. നിലവിൽ ആർക്കെതിരെയും തെളിവില്ലെന്നും, വേണ്ടി വന്നാൽ വീണ്ടും വിളിപ്പിക്കുമെന്നും അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണർ എസ്. അശോക് കുമാർ പറഞ്ഞു. ഇരു നടന്മാരും ലഹരി ഉപയോഗിക്കുന്നവരാണെന്നും കേസിന്റെ മെറിറ്റിനെ ബാധിക്കുന്ന കാര്യങ്ങള്‍ പറയാന്‍ കഴിയില്ലെന്നും ആലപ്പുഴ എക്‌സൈസ് കമ്മീഷണര്‍ പറഞ്ഞു. നടന്മാരെ അടക്കം ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്നും താരങ്ങള്‍ക്ക് പുറമേ നിരവധി ആളുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക ഇടപാട് വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആലപ്പുഴയിലെ റിസോര്‍ട്ടില്‍നിന്ന് രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ച കേസിലെ പ്രതികളിലൊരാളാണ് തസ്ലിമ സുല്‍ത്താന. ഈ കേസില്‍ തസ്ലിമയുടെ ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലി, സുഹൃത്തായ ഫിറോസ് എന്നിവരും എക്സൈസിന്റെ പിടിയിലായിരുന്നു. റിസോര്‍ട്ടില്‍ ലഹരി ഇടപാടിന് എത്തിയപ്പോള്‍ തസ്ലിമയും ഫിറോസുമാണ് ആദ്യം എക്സൈസിന്റെ പിടിയിലായത്. ചോദ്യംചെയ്യലില്‍ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി തുടങ്ങിയവര്‍ക്ക് ലഹരി എത്തിച്ചുനല്‍കാറുണ്ടെന്ന് തസ്ലിമ വെളിപ്പെടുത്തിയിരുന്നു.