തിരുവനന്തപുരം: കേരളത്തിൽ ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷൻ ആരെന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കും. തിരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ചുള്ള കേന്ദ്ര നേതൃത്വത്തിന്റെ സർക്കുലർ സംസ്ഥാന നേതൃത്വത്തിനു ലഭിച്ചു. കേരളത്തിലെ സംഘടനാ തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള പ്രഹ്ളാദ് ജോഷിയുടെ സാന്നിധ്യത്തിൽ ചേരുന്ന സംസ്ഥാന കൗൺസിലിലാണ് തീരുമാനമുണ്ടാകുക. പല പേരുകളാണ് കേന്ദ്ര പരിഗണനയിലുള്ളത്. തിങ്കളാഴ്ച സംസ്ഥാന കൗൺസിലിന് മുമ്പായി ഞായറാഴ്ച കോർ കമ്മിറ്റി ചേരും. സംസ്ഥാന അധ്യക്ഷനെ സമവായത്തിലൂടെ തന്നെയാകും തീരുമാനിക്കുക. സംസ്ഥാന അധ്യക്ഷൻ ആരാകുമെന്ന കാര്യത്തിൽ ദേശീയ നേതൃത്വം ധാരണയിലെത്തിയിട്ടുണ്ട്. നോമിനേഷൻ സമർപ്പണം ഉൾപ്പെടെ സാങ്കേതികമായ നടപടിക്രമങ്ങൾ മാത്രമാണ് ഇനി പൂർത്തിയാകാനുള്ളത്. കേന്ദ്ര നിലപാട് പ്രഹളാദ് ജോഷി അറിയിക്കും. അത് കൗൺസിൽ അംഗീകരിച്ച് പ്രഖ്യാപിക്കും.
കേന്ദ്രപ്രതിനിധികൾ ഇതിനിടെ പലവട്ട കേരള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അഞ്ചു വർഷത്തെ കാലാവധി നിർബന്ധമാക്കിയാൽ സുരേന്ദ്രൻ മാറും. എം ടി രമേശ്, ശോഭാ സുരേന്ദ്രൻ എന്നീ പേരുകളും സജീവമായി പരിഗണനയിലുണ്ട്. പുതിയ പരീക്ഷണത്തിനാണ് ശ്രമമെങ്കിൽ രാജീവ് ചന്ദ്രശേഖറിന്റെ പേരും വന്നേക്കാം. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും ആസന്നമായിരിക്കെ പ്രചാരണ പ്രവർത്തനങ്ങളെ ബാധിക്കാത്ത തരത്തിലുള്ള ക്രമീകരണമാകും നടത്തുക.