ജക്കാര്‍ത്ത: ഇന്തോനേഷ്യയിൽ വൻ അഗ്നിപര്‍വത സ്ഫോടനം. ഇന്തോനേഷ്യയിലെ പ്രശസ്തമായ റിസോർട്ട് ദ്വീപായ ബാലിയിലെ വിമാനത്താവളത്തിന് കിഴക്കായി സ്ഥിതി ചെയ്യുന്ന മൗണ്ട് ലെവോട്ടോബി ലക്കി-ലാക്കി എന്ന അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. ഇതേ തുടർന്ന് ബാലിയിലേക്കും തിരിച്ചുമുള്ള ഡസൻ കണക്കിന് വിമാനങ്ങൾ ബുധനാഴ്ച റദ്ദാക്കി. ആകാശം മുട്ടെ ചാരവും പുകയും ഉയർന്നതായി വിമാനത്താവള അധികൃതരും ഉദ്യോഗസ്ഥരും പറഞ്ഞു.
ഇന്ന് ന്യൂഡൽഹിയിൽ നിന്ന് ബാലിയിലേക്ക് പുറപ്പെട്ട എഐ 2145 വിമാനം വിമാനത്താവളത്തിനു സമീപം അഗ്നിപർവത സ്ഫോടനമാണെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് യാത്ര പാതിവഴിയിൽ ഉപേക്ഷിച്ചു തിരികെ ഡല്‍ഹിയില്‍ തിരിച്ചിറക്കി. യാത്രക്കാർക്ക് നേരിടേണ്ടിവന്ന ബുദ്ധിമുട്ടിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. തിരികെയെത്തിയ യാത്രക്കാർക്ക് ഹോട്ടലുകളിൽ താമസ സൗകര്യം ഏർപ്പെടുത്തുമെന്നാണ് എയർ ഇന്ത്യ അറിയിച്ചിരിക്കുന്നത്. ടിക്കറ്റ് റദ്ദാക്കാൻ തീരുമാനിക്കുന്നവർക്ക് മുഴുവൻ തുകയും തിരികെ നൽകുകയോ അല്ലെങ്കിൽ പകരം സംവിധാനം ഒരുക്കുകയോ ചെയ്യുമെന്നും എയർ ഇന്ത്യ അറിയിച്ചു.
ഓസ്‌ട്രേലിയയിലെ വിവിധ നഗരങ്ങളിലേക്കുള്ള ജെറ്റ്‌സ്റ്റാർ, വിർജിൻ ഓസ്‌ട്രേലിയ വിമാനങ്ങൾ റദ്ദാക്കി. എയർ ന്യൂസിലാൻഡ്, സിംഗപ്പൂരിലെ ടൈഗർഎയർ, ചൈനയുടെ ജുനിയാവോ എയർലൈൻസ് എന്നിവയുുടെ വിമാനങ്ങളും റദ്ദാക്കി. ഫ്ലോറസിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ലാബുവാൻ ബാജോയിലേക്ക് പുറപ്പെടേണ്ട നിരവധി ആഭ്യന്തര എയർ ഏഷ്യ വിമാനങ്ങളും റദ്ദാക്കി. വിമാനങ്ങൾ റദ്ദാക്കിയെങ്കിലും വിമാനത്താവളം ഇപ്പോഴും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്.
ബാലിയുടെ കിഴക്കു ഭാഗത്താണ് പൊട്ടിത്തെറിച്ച അഗ്നിപര്‍വതത്തിന്റെ സ്ഥാനം. വിനോദസഞ്ചാര ദ്വീപായ ഫ്ലോറസിലാണ് 1,584 മീറ്റർ (5,197 അടി) ഉയരമുള്ള അഗ്നിപർവതമായ മൗണ്ട് ലെവോട്ടോബി ലക്കി-ലാക്കി സ്ഥിതി ചെയ്യുന്നത്. അഗ്നിപര്‍വത സ്ഫോടനത്തെ തുടര്‍ന്ന് ലെവോട്ടോബി ലക്കി-ലാക്കിക്ക് ചുറ്റുമുള്ള നിരവധി ഗ്രാമങ്ങളിൽ ചാരം മൂടിയിട്ടുണ്ട്. അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്.