മനുഷ്യ സ്നേഹത്തിൻ്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമർപ്പിച്ച മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫ്രാൻസിസ് മാർപാപ്പ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. അടിച്ചമർത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവൻ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാർഢ്യം പുലർത്തിയ മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. പലസ്തീൻ ജനതയോട്, അവരുടെ വേദനയിലും സഹനത്തിലും യാതനാനുഭവങ്ങളിലും മനസ്സുകൊണ്ട് ചേർന്നു നിന്നതിലൂടെ അദ്ദേഹം വഴികാട്ടിയായി. മാർപാപ്പയുടെ വിയോഗത്തിൽ വേദനിക്കുന്ന ലോക ജനതയോട് ആകെയും വിശ്വാസ സമൂഹത്തിനോട് പ്രത്യേകിച്ചും അവരുടെ ദുഃഖത്തിൽ പങ്കുകൊണ്ട് അനുശോചനം രേഖപ്പെടുത്തുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ‘വിശ്വാസികൾക്ക് എക്കാലത്തെയും വെളിച്ചമായി ഫ്രാൻസിസ് പാപ്പ ഇനി നിത്യതയിൽ‘ എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. ആഗോള കത്തോലിക്കാ സഭയുടെ 266 മത് മാർപാപ്പയാണ് അദ്ദേഹം എന്നും അഞ്ചര പതിറ്റാണ്ടിലധികം നീണ്ട വൈദിക ജീവിതം ഫ്രാൻസിസ് മാർപാപ്പ നയിച്ചെന്നും വിഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗ വാർത്ത ഏറെ ദു:ഖത്തോടെയാണ് കേൾക്കുന്നതെന്ന് സീറോ മലബാർ സഭ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. അദ്ദേഹം ഒരു ജനകീയനായ മാർപാപ്പയാണെന്നും ജനങ്ങളെ കേൾക്കാനും കാണാനും ഒക്കെ വളരെ ഇഷ്ടപ്പെട്ട ഒരു മാർപാപ്പയാണെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങളായിരുന്നു മാർപാപ്പയുടെ ദൈവശാസ്ത്രത്തിന്റെ ബൈബിൾ. സഭയിലെ കാര്യങ്ങൾക്ക് ലാളിത്യമുണ്ടാകണം എന്ന് ആഗ്രഹിച്ചിരുന്ന വ്യക്തിയാണ് ഫ്രാൻസിസ് മാർപാപ്പയെന്നും അദ്ദേഹം പറഞ്ഞു.