Sunday, August 31, 2025
Mantis Partners Sydney
Home » പ്രശസ്ത ചലച്ചിത്രകാരൻ ശ്യാം ബെനഗൽ അന്തരിച്ചു.
പ്രശസ്ത ചലച്ചിത്രകാരൻ ശ്യാം ബെനഗൽ അന്തരിച്ചു.

പ്രശസ്ത ചലച്ചിത്രകാരൻ ശ്യാം ബെനഗൽ അന്തരിച്ചു.

by Editor

മുംബൈ: പ്രശസ്ത ചലച്ചിത്രകാരൻ ശ്യാം ബെനഗൽ അന്തരിച്ചു. ഏറെക്കാലമായി വൃക്കരോഗബാധിതനായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വൈകിട്ട് ആറരയോടെയായിരുന്നു അന്ത്യമെന്നും സംസ്കാരം പിന്നീട് തീരുമാനിക്കുമെന്നും മകൾ പിയ ബെനഗൽ അറിയിച്ചു. ഈ മാസം 14 -നാണ് ബെനഗൽ 90-ാം ജന്മദിനം ആഘോഷിച്ചത്. പ്രശസ്ത ഫൊട്ടോഗ്രഫറായിരുന്ന ശ്രീധർ ബി, ബെനഗലിന്റെ മകനായി 1934 ഡിസംബർ 14 -ന് ആന്ധ്രപ്രദേശിലെ ഹൈദരാബാദിലാണ് ശ്യാം ജനിച്ചത്. കർണാടക സ്വദേശിയായിരുന്നു പിതാവ്. ഉസ്മാനിയ സർ‌വകലാശാലയിൽനിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടിയ ശേഷം ഒരു പരസ്യ ഏജൻസിയിൽ കോപ്പിറൈറ്ററായി ജോലി ചെയ്തു. 1962 -ൽ ആദ്യത്തെ ഡോക്യുമെന്ററി എ‍ടുത്തു.

അങ്കുർ (1973), നിശാന്ത് (1975), മന്ഥൻ (1976), ഭൂമിക (1977), മമ്മോ (1994), സർദാരി ബീഗം (1996), സുബൈദ (2001) തുടങ്ങിയ ഐതിഹാസിക ചിത്രങ്ങൾ സംവിധാനം ചെയ്തതിലൂടെ ശ്യാം ബെനഗൽ പ്രശസ്തനായിരുന്നു. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾക്ക് 1976-ൽ പത്മശ്രീയും 1991-ൽ പത്മഭൂഷണും നൽകി രാജ്യം ബെനഗലിനെ ആദരിച്ചിരുന്നു. 2023-ൽ പുറത്തിറങ്ങിയ ‘മുജീബ്: ദ മേക്കിംഗ് ഓഫ് എ നേഷൻ’ എന്ന ബയോപിക്കാണ് അദ്ദേഹത്തിന്റേതായി അവസാനമായി ഇറങ്ങിയ ചിത്രം. ഇന്ത്യൻ ഗ്രാമീണ ജീവിതത്തെയും ചരിത്രത്തെയും പശ്ചാത്തലമാക്കി മനുഷ്യാവസ്ഥകളുടെ ഭിന്ന ഭാവങ്ങൾ‌ ആവിഷ്കരിച്ച ചലച്ചിത്രകാരനായിരുന്നു ശ്യാം ബെനഗൽ. പൂനെ ഫിലിം ഇൻസ്റ്റിട്യൂട്ട് ചെയർമാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരവധി-ദേശീയ അന്തർദേശീയ അംഗീകാരങ്ങൾ ബെനഗലിനെ തേടിയെത്തിയിട്ടുണ്ട്. ഹിന്ദിയിലെ മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള അവാര്‍ഡ് ദേശീയതലത്തില്‍ ഏഴ് തവണ ലഭിച്ചിട്ടുണ്ട്. തിരക്കഥ, മികച്ച രണ്ടാമത്ത ചിത്രം വിഭാഗങ്ങളിലും ദേശീയ പുരസ്‍കാരം ലഭിച്ചു. 2006 മുതൽ 2012 വരെ രാജ്യസഭാംഗമായിരുന്നു. ഭാര്യ: നീര ബെനഗൽ.

 

Send your news and Advertisements

You may also like

error: Content is protected !!