Sunday, August 31, 2025
Mantis Partners Sydney
Home » പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് തിരുവനന്തപുരത്തെത്തും; നാളെ വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിക്കും.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം.

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് തിരുവനന്തപുരത്തെത്തും; നാളെ വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിക്കും.

by Editor

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് തിരുവനന്തപുരത്തെത്തും. വെള്ളിയാഴ്‌ച രാവിലെ 11-ന് തുറമുഖത്ത് തയ്യാറാക്കിയ പ്രത്യേകവേദിയിൽ പൂർണതോതിൽ പ്രവർത്തനമാരംഭിച്ച തുറമുഖത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി വി.എൻ വാസവൻ, ശശി തരൂർ എംപി, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി തുടങ്ങിയവർ പങ്കെടുക്കും.

ഇന്ന് വൈകുന്നേരം 7:50 ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി നേരേ രാജ്‌ഭവനിലേക്ക് പോകും. ​ഗവർണർ രാജേന്ദ്ര അർലേക്കറിനോടൊപ്പം അത്താഴവിരുന്നിൽ പങ്കെടുക്കും. തുടർന്ന് രാത്രി രാജ്ഭവനിലായിരിക്കും തങ്ങുക.

വെള്ളിയാഴ്‌ച രാവിലെ 9:30 ന് രാജ്‌ഭവനിൽ നിന്ന് പാങ്ങോട് സൈനിക കേന്ദ്രത്തിലേക്കും അവിടെ നിന്ന് ഹെലികോപ്റ്ററിൽ വിഴിഞ്ഞം തുറമുഖത്തും എത്തും. 10:30 ന് വിഴിഞ്ഞത്തെത്തുന്ന പ്രധാനമന്ത്രി എംഎസ്സി സെലസ്റ്റിനോ മരസ്‌കാ എന്ന മദർഷിപ്പിനെ സ്വീകരിക്കും. തുടർന്ന് തുറമുഖം സന്ദർശിച്ചശേഷമായിരിക്കും പൊതുസമ്മേളനത്തിൽ പങ്കെടുക്കുക. തിരികെ ഹെലികോപ്റ്ററിൽ പാങ്ങോട് എത്തി രാജ്ഭവനിലേക്ക് പോകും. 12:30 ന് ഹൈദരാബാദിലേക്ക് തിരിക്കും.

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് തിരുവനന്തപുരം ന​ഗരത്തിൽ ഒരുക്കിയിരിക്കുന്നത്. ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിമുതൽ രാത്രി പത്ത് മണിവരെയും നാളെ രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണിവരെയും ​ഗ​താ​ഗത നിയന്ത്രണമുണ്ടാവും.

Send your news and Advertisements

You may also like

error: Content is protected !!